മാല കവര്‍ച്ചക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവം; യഥാര്‍ഥ പ്രതി പിടിയില്‍

കണ്ണൂര്‍: പെരളശേരി ചോരക്കുളത്ത് വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിലെ യഥാര്‍ഥ പ്രതി പിടിയില്‍. ഇതോടെ ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനം നേരിട്ട കതിരൂര്‍ പുല്യോട് സിഎച്ച് നഗര്‍ സ്വദേശി താജുദ്ദീന്റെ പോരാട്ടത്തിന്റെ ആദ്യ പകുതി വിജയത്തിലേക്ക്. യഥാര്‍ഥ പ്രതിയെ കണ്ടെത്തിയതോടെ കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തില്‍ താജുദ്ദീന്റെ ഇനിയുള്ള യാത്ര നീതി തേടിയാണ്. ഓണ്‍ലൈനില്‍ ക്യാമറ വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിയൂര്‍ കോറോത്ത് റോഡിലെ ശരത്ത് വത്സരാജി (35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎസ്പി പി.പി സദാനന്ദന്‍ നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതി പിടിയിലായത്. മാല മോഷണക്കേസില്‍ കതിരൂര്‍ പുല്യോട്ടെ താജുദ്ദീനെ ചക്കരക്കല്ല് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. കഴിഞ്ഞ ജൂലൈ അഞ്ചിന് വീട്ടമ്മയുടെ അഞ്ചരപ്പവന്റെ മാലപൊട്ടിച്ചത് താനാണെന്ന് ശരത് പൊലീസിനോട് സമ്മതിച്ചു. തലശേരിയിലെ ജ്വല്ലറിയില്‍ വിറ്റ മാലയും കണ്ടെത്തി. മാല പൊട്ടിക്കാനെത്തിയ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. മാലമോഷണവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ പൊലീസ് രൂപസാദൃശ്യമുള്ള കതിരൂര്‍ പുല്യോട് സി.എച്ച് നഗറിലെ തജ്‌നാന്‍സ് മന്‍സിലില്‍ പി.കെ താജുദ്ദീനെ അറസ്റ്റ്‌ചെയ്തു 54 ദിവസം റിമാന്‍ഡ്‌ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവം കണ്ണൂര്‍ ഡിവൈഎസ്പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ ചക്കരക്കല്‍ എസ്‌ഐ ബിജുവിന് തെറ്റ് പറ്റിയെന്ന് കണ്ടെത്തി. എസ്.ഐയെ വകുപ്പതല നടപടിക്ക് വിധേയമാക്കി സ്ഥലം മാറ്റി. പെരളശേരിയില്‍നിന്ന് മാല പൊട്ടിച്ചയാള്‍ വെള്ള സ്‌കൂട്ടറില്‍ കതിരൂര്‍ പുല്യോട് വഴിയാണ് കടന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്നു പൊലീസ് 60ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പുല്യോടിന് ശേഷമുള്ള ദൃശ്യങ്ങളില്‍ മാല മോഷ്ടിച്ചയാളെ കാണാനുണ്ടായില്ല. തുടര്‍ന്ന് പുല്യോട് പ്രദേശത്തുള്ളവരെ ദൃശ്യം കാണിച്ചപ്പോള്‍ സി.എച്ച് നഗറിലെ താജുദ്ദീനാണെന്നായിരുന്നു മൊഴി. താജുദ്ദീനെ കസ്റ്റഡിയിലെടുത്ത് മാല നഷ്ടപ്പെട്ട സ്ത്രീയെയും മറ്റ് ദൃക്‌സാക്ഷികളെയും കാണിച്ചപ്പോള്‍ മാല കവര്‍ന്നത് ഇയാളെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. വടകരയില്‍നിന്നാണ് ക്രൈം സ്‌ക്വാഡാണ് പ്രതി ശരത്താണെന്ന് തിരിച്ചറിഞ്ഞത്. ഡിവൈഎസ്പി ദൃശ്യങ്ങള്‍ നേരത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൈയില്‍ സ്റ്റീല്‍ വള ധരിച്ചിരുന്നുവെന്നും താജുദ്ദീനില്‍നിന്ന് വ്യത്യസ്തമായി നെറ്റിയില്‍ മുറിവിന്റെ അഞ്ചുപാടുകളുണ്ടെന്നും കണ്ടെത്തിയിരുന്നു. കഷണ്ടി, നരച്ച മുടി, കൈയ്യിലെ സ്റ്റീല്‍വള, നെറ്റിയിലെ മുറിവിന്റെ ചെറിയ പാടുകള്‍ എന്നിവ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രതി താജുദ്ദീനല്ലെന്ന് ഉറപ്പിച്ചത്.

ഇരുവരും തമ്മിലുള്ള അസാധാരണ സാമ്യമായിരുന്നു പൊലീസിനെ വഴിതെറ്റിച്ചത്. മാത്രമല്ല, ചക്കരക്കല്ലില്‍ മാലപൊട്ടിച്ച ദിവസത്തെ ടവര്‍ ലൊക്കേഷനില്‍ താജുദ്ദീന്റെ ഫോണുണ്ടായിരുന്നു. അടുത്ത ദിവസം മാഹിയിലും ശരത് മാല പൊട്ടിച്ചിരുന്നു. ഈ ടവര്‍ ലൊക്കേഷനിലും താജുദ്ദീന്റെ ഫോണുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതുകൂടിയായപ്പോള്‍ താജുദ്ദീനാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. ഈ ദിവസം താജുദ്ദീന്‍ വടകരയിലെ സഹോദരിയുടെ വീട്ടില്‍ പോയതാണ് ആ ടവര്‍ ലൊക്കേഷനില്‍ ഫോണ്‍ സാന്നിധ്യം വരാന്‍ കാരണം. മകളുടെ വിവാഹാവശ്യത്തിനായിരുന്നു 15 ദിവസത്തെ അവധിയില്‍ താജുദ്ദീന്‍ നാട്ടിലെത്തിയത്. അതിനിടയിലാണ് മാല മോഷണത്തിലെ പ്രതിയായി ജയിലില്‍ കഴിയേണ്ടിവന്നത്.

Top