കൽപ്പറ്റ: കൊച്ചി മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ.അതേസമയം കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാൽ. ദീപ്‌തി മേരി വർഗീസ് വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. അവർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായതിൽ തെറ്റ് പറയാനാകില്ല. വിഷമമുണ്ടായെങ്കിൽ തെറ്റ് പറയാനാകില്ല. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും ഒന്നിനോടും കടക്ക് പുറത്ത് എന്ന് പറയുന്ന രീതി പാർട്ടിക്ക് ഇല്ല എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ കോൺഗ്രസിനകത്ത് ഐക്യം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് . കേരളത്തിൽ ഒരു മാറ്റം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് അതിനായി എല്ലാവരും പരമാവധി യോജിച്ചുകൊണ്ട് പ്രവർത്തിച്ച് മുന്നോട്ട് പോകണം. വിട്ടുവീഴ്ചകൾ പരസ്പരം ചെയ്തുകൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്.കോൺഗ്രസിന് കോൺഗ്രസിന്റേതായ രീതികളുണ്ട്. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണിത്. അതാണ് കോൺഗ്രസിന്റെ സൗന്ദര്യം. അനുയോജ്യമായ കാര്യങ്ങൾ പാർട്ടി ആലോചിച്ച് എടുക്കുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനും കെ സി വേണുഗോപാൽ പ്രതികരിച്ചു. താൻ കേരളത്തിൽ ഇല്ലാത്ത ഒരാളല്ല എന്നും തന്റെ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്നുമാണ് കെ സി പ്രതികരിച്ചത്. തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന പരമാവധി കാര്യങ്ങൾ ചെയ്യും. തന്നെ വിമർശിക്കുക എന്നത് ചിലരുടെ ഹോബിയാണ്. പാർട്ടിയെ വിജയിപ്പിക്കാൻ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം താൻ നടത്തുമെന്നും കെ സി പറഞ്ഞു.
അതേസമയം, കൊച്ചി കോർപ്പറേഷൻ മേയറെ നിശ്ചയിച്ച നടപടിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്.മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ നേതൃത്വം മറുപടി പറയണമെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. ഗ്രൂപ്പ് മാനേജർമാർ കൗൺസിലർമാരെ ഭീഷണിപ്പെടുത്തിയെന്ന് അജയ് തറയിൽ. എന്നാൽ താനും ദീപ്തി മേരി വർഗീസും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് നിയുക്ത മേയർ വി കെ മിനിമോൾ പറഞ്ഞു. ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാത്തതിൽ കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് തുറന്നടിച്ചു.
മേയർ സ്ഥാനാർത്ഥിയായി തന്നെ തഴഞ്ഞതിൽ പരിഭവം പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തി. നയിക്കണമെന്നാണ് നേതൃത്വം പറഞ്ഞുതെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് തന്നെ മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത്. യുഡിഎഫും കോണ്‍ഗ്രസും ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ഭംഗിയായി ചെയ്‌തെന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് മേയര്‍മാര്‍ക്കും എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.










