ന്യൂഡല്‍ഹി: ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ മലയാളികള്‍. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും. മലയാളികളെ കൂടാതെ കർണാടക സ്വദേശികളും ഗോവൻ സ്വദേശികളുമാണ് സംഘത്തിലുള്ളത്.പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ (41), മകള്‍ ടൈറ (7), തൃശ്ശൂര്‍ ഗുരുവായൂര്‍ തൈക്കടവ് സ്വദേശി ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികള്‍.
വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസായി മാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസ് ഏകദേശം 10 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്.
കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, കനത്ത മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.











