കൊച്ചി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു!! ഗൾഫിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.

കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് .കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ കൊച്ചി വിമാനത്താവളം അടയ്ക്കുന്നതായാണ് സിയാല്‍ ആദ്യം അറിയിച്ചിരുന്നത്. റണ്‍വേയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും മഴയുടെ ശക്തി കുറയാത്തതിനാല്‍ അത് ഫലം കണ്ടില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. രാവിലെയും വിമാനത്താവളം ഗതാഗത യോഗ്യമാവാത്തതിനാല്‍ ഞായറാഴ്ച വരെ അടച്ചിടുകയാണെന്ന അറിയിപ്പാണ് സിയാല്‍ പിന്നീട് നല്‍കിയത്. ഇതോടെ കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തില്‍ തിരികെ വരേണ്ടിയിരുന്ന യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. “കൊച്ചിയില്‍ നിന്ന് എത്തേണ്ടിയിരുന്ന വിമാനം ഇതുവരെ എത്തിയിട്ടില്ല. ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന നിരവധി യാത്രക്കാര്‍ ചെക് ഇന്‍ ചെയ്തു കഴിഞ്ഞുിരുന്നു. സാഹചര്യം നേരിടാന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുയാണ്” – എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അബുദാബിയില്‍ വ്യക്തമാക്കി.

ദുബായില്‍ നിന്നുള്ള ഫ്ലൈ ദുബായ് എഫ് ഇസഡ് 441, എമിറേറ്റ്സ് ഇ കെ 532, സ്‍പൈസ് ജെറ്റ്, ഇന്റിഗോ 6 ഇ 068 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനികള്‍ അറിയിച്ചു. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് ഇ വൈ 280, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ, എയര്‍ ഇന്ത്യ ഐ എക്‌സ് 412 എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Top