കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയില്‍ ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം; അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയില്‍ ഉടമകളറിയാതെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം.20 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ വീതമാണ് നിക്ഷേപം ഉണ്ടായിരിക്കുന്നത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി രൂപയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ശമ്പളം പിന്‍വലിക്കാനാകാത്ത അവസ്ഥയിലാണ് അക്കൗണ്ട് ഉടമകള്‍.

സാങ്കേതിക പിഴവെന്നാണ് സംശയിക്കുന്നത്. നാലു ദിവസം മുന്‍പാണ് പണം എത്തിയതെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. എന്നാല്‍ മരവിപ്പിച്ച അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചതായും അക്കൗണ്ട് ഉടമകള്‍ എടുത്ത സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നുണ്ട്.

ഒരു കോടി രൂപ അക്കൗണ്ടില്‍ വന്നുവെന്ന് കാണിച്ച് 28ന് ഒരാള്‍ക്ക് സന്ദേശം വന്നിരുന്നു. 29ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരുന്നില്ലെന്നും അതു ചെയ്തുകഴിഞ്ഞാല്‍ പ്രശ്‌നം മാറുമെന്നുമാണ് മറുപടി നല്‍കിയതെന്ന് ഒരു അക്കൗണ്ടുടമ പറയുന്നു. അതേസമയം, ആധാര്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ ബാങ്കില്‍ എത്തിക്കുന്നതിനുള്ള നടപടിയാണെന്നും ജീവനക്കാര്‍ പറഞ്ഞു.

Top