തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പുതിയ തലവേദനയായി അധ്യക്ഷ കസേര ലക്ഷ്യംവച്ചുള്ള നേതാക്കളുടെ ചരടുവലികള്‍.
കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ മന്ത്രിമാരായതിനെത്തുടര്‍ന്ന് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ടീം വന്നേക്കും. മന്ത്രിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാന്‍ സാധ്യതയുണ്ട്.
പുതിയ പ്രസിഡന്റ് സംബന്ധിച്ച ആലോചനകള്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെങ്കിലും ഈ സ്ഥാനത്തേക്ക് താത്പര്യമുള്ളവര്‍ നേതൃത്വത്തെ അക്കാര്യം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനോട് ഏറ്റുമുട്ടാതെ ചേര്‍ന്നുപോകുന്ന നേതൃത്വമായിരിക്കണം കെ.പി.സി.സി.ക്ക് എന്നതാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സര്‍ക്കാരുമായി നേതൃത്വം ഏറ്റുമുട്ടുന്ന അവസ്ഥവന്നാല്‍ ഭരണത്തെയും സംഘടനയെയും അത് ബാധിക്കും.
അതുകൊണ്ടുതന്നെ പ്രസിഡന്റിനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മേല്‍കൈ കിട്ടാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മൂന്നു പേരുകളുയര്‍ന്നതും പാര്‍ട്ടി മൂന്നായി നിലകൊണ്ടതും ഹൈക്കമാന്‍ഡിന് മുന്‍പാകെയുണ്ട്. ഈ മുറിവുണക്കാന്‍കൂടി കഴിവുള്ള നേതൃത്വമായിരിക്കണം ഇനി വരേണ്ടതെന്നാണ് വിലയിരുത്തല്‍.
ഭരണത്തിലെ പ്രമുഖര്‍ ഒരു വിഭാഗത്തില്‍നിന്നായതിനാല്‍ ഇതരവിഭാഗത്തില്‍നിന്നായിരിക്കും പ്രസിഡന്റ്സ്ഥാനത്തേക്ക് പരിഗണനവരുക. കൊടിക്കുന്നില്‍ സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്. പിന്നാക്കവിഭാഗങ്ങളില്‍നിന്ന് ആരും ഇതേവരെ ഈ സ്ഥാനത്ത് വന്നിട്ടില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അവകാശമുന്നയിക്കുന്നത്.
ബെന്നി ബെഹനാന്‍, ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി, കെ.സി. ജോസഫ്, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. മുതിര്‍ന്ന നേതാവെന്നനിലയിലാണ് കെ.സി. ജോസഫിന്റെ പേരുയര്‍ന്നത്.മുതിര്‍ന്ന നേതാവായിട്ടും വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നത് ജോസഫ് വാഴയ്ക്കനുള്ള ന്യായം. ജനപ്രതിനിധികളായിരിക്കുന്നവര്‍ വേണ്ടെന്നാണ് തീരുമാനമെങ്കില്‍ ആ മാനദണ്ഡത്തില്‍ പലരും ഒഴിവാകും. പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹൈക്കമാന്‍ഡിന്റെ താത്പര്യത്തിനനുസരിച്ചാണ് ചെയ്യുക. സംസ്ഥാനത്ത് ഏകാഭിപ്രായമുണ്ടായാല്‍ തീരുമാനമെടുക്കാന്‍ എളുപ്പമാകും.










