തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മിന്നുംവിജയത്തിന് നന്ദിപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാനനേതൃത്വത്തിന്റെയും കൂട്ടായ ശ്രമഫലമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
വിജയം പ്രതീക്ഷിച്ചിരുന്നെന്നും ഇതിനുവേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച സമരസംഗമങ്ങള്‍ വിജയത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. കെപിസിസി നടത്തിയ സംഘടനാപരമായ മാറ്റങ്ങള്‍, വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരവിഷയങ്ങള്‍ എന്നിങ്ങനെ കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷത്തിന്റെ ശ്രദ്ധതിരിച്ചുകൊണ്ട് വാര്‍ഡുകള്‍ അശാസ്ത്രീയമായി വെട്ടിമുറിക്കാനുള്ള ഭേദഗതി ബില്‍ പാസാക്കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ ഒരുപാട് അനര്‍ഹരെ പട്ടികയില്‍ ചേര്‍ത്തു. ഒരുപാട് ഇരട്ട വോട്ടുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും സജീവമായ കോണ്‍ഗ്രസ് നേതൃത്വപങ്കാളിത്തത്തിന് ജനങ്ങള്‍ സമ്മാനിച്ച വിജയമാണിത്’, അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമാണ് ശബരിമലയില്‍ നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കോടതിയുടെ അതിശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് മുന്നോട്ടു പോയത്. കള്ളന്മാര്‍ കപ്പലില്‍തന്നെ എന്ന് ഒരുപക്ഷേ ആദ്യം പറഞ്ഞത് കോണ്‍ഗ്രസായിരിക്കും. അതില്‍ കുറേ പേരെ പിടിച്ചിരിക്കുന്നു, പക്ഷേ കപ്പിത്താന്മാര്‍ ഇപ്പോഴും പിടിക്കപ്പെടാന്‍ ബാക്കിയാണ്. ഹൈക്കോടതി തന്നെ പറഞ്ഞു കൂടുതല്‍ ഉന്നതന്മാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്,
പക്ഷേ അവരെ പിടിക്കാന്‍ പോലീസിന്റെ കൈകള്‍ കെട്ടിയതുപോലെയാണ്. എല്ലാ നിലയിലും ശബരിമല വിഷയം ഉള്‍പ്പെടെ സര്‍ക്കാരിന്റെ കള്ളക്കളികള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. അതൊക്കെ ജനങ്ങള്‍ നന്നായി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ജനവിധി. ഈ വിധി ജനങ്ങളുടെ വികാരത്തിന്റെ ശക്തമായ പ്രകടനമാണ്. അതിന് ഞങ്ങള്‍ അങ്ങേറ്റം നന്ദി രേഖപ്പെടുത്തുന്നു, അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച പോലുള്ള വിഷയങ്ങളെ ഗൗരവത്തോടെ കാണുന്നുണ്ടെന്നും, വിജയം വിനയത്തോടെ സ്വീകരിച്ച് ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










