കൊച്ചി :രാജ്യത്ത് ഭീകര പ്രവർത്തനത്തിനുള്ള ഫണ്ടിങ്ങിന് സ്വർണ്ണം കടത്തി . രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകാനുമാണ് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതെന്ന് ഇന്നലെ കോടതിയിൽ ആവർത്തിച്ച എൻ.ഐ.എ, രണ്ടാം പ്രതി സ്വപ്നയുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോയോളം സ്വർണവും പിടിച്ചെടുത്തെന്നും വെളിപ്പെടുത്തി.അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി. സാങ്കേതികസംവിധാനത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാകും അടുത്ത ഘട്ടത്തിലെ ചോദ്യം ചെയ്യൽ.
കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസാണ്. ലോക്ക് ഡൗൺ സമയത്ത് പരമാവധി സ്വർണം കടത്താൻ ഇയാൾ നിർബന്ധിച്ചു. റമീസിന്റെ പ്രവർത്തനങ്ങളിൽ ഭീകരബന്ധം സംശയിക്കുന്നുണ്ട്. ഇത് വിശദമായി അന്വേഷിക്കണം.എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്‌ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് നിഗമനം.
സ്വപ്നയെയും സന്ദീപ് നായരെയും രണ്ടു ഘട്ടങ്ങളിലായി 11 ദിവസം ചോദ്യം ചെയ്തശേഷം ഇന്നലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ ഡിവൈ.എസ്.പി സി. രാധാകൃഷ്‌ണപിള്ള സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയിലെ വിവരങ്ങൾ സി – ഡാക്കിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നും എൻ.ഐ.എ വ്യക്തമാക്കി.പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ ഒന്നാംപ്രതി സരിത്തിനെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. മൂവരെയും ആഗസ്റ്റ് 21 വരെ റിമാൻഡ് ചെയ്തു.
സ്വപ്നയെക്കുറിച്ച്
കള്ളക്കടത്തിലെ പങ്കും സന്ദീപുമായും സരിത്തുമായും നടത്തിയ ഗൂഢാലോചനകളും വ്യക്തമാക്കി. സരിത്ത് ബാഗ് കൈമാറിയ സ്ഥലം ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടത്തിയ സ്ഥലങ്ങളും വെളിപ്പെടുത്തി. മറ്റു പ്രതികളുമായി ചാറ്റ് പ്ളാറ്റ്ഫോമുകളിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയതെന്ന് വെളിപ്പെടുത്തി.
ഗൂഢാലോചന നടത്തിയ 11 സ്ഥലങ്ങളും ഒളിത്താവളങ്ങളും വെളിപ്പെടുത്തി. റമീസിന്റെയും മറ്റ് ഉന്നതരുടെയും പങ്കാളിത്തം വെളിപ്പെടുത്തി. പ്രതികളുടെ മീറ്റിംഗ് ദൃശ്യങ്ങളുൾപ്പെട്ട വീഡിയോ റെക്കാഡർ കണ്ടെടുത്തു. സോഷ്യൽമീഡിയ അക്കൗണ്ട് പരിശോധിക്കുന്നു.സ്വർണവും പണവും വിവാഹസമ്മാനമെന്ന്.
ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത സ്വർണവും പണവും വിവാഹസമ്മാനമാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. 20 വർഷം മുമ്പ് നടന്ന സ്വപ്നയുടെ ആദ്യവിവാഹത്തിന് അഞ്ചുകിലോ സ്വർണവും 25 ലക്ഷം രൂപയും ഒരു കാറുമാണ് സമ്മാനമായി ലഭിച്ചത്. ദുബായ് രാജകുടുംബത്തിന്റെയും മറ്റും സമ്മാനങ്ങളും ഇതിലുണ്ട്. ഇതിൽ ശേഷിച്ച സ്വർണവും പണവുമാണ് ലോക്കറിലുണ്ടായിരുന്നതെന്നും പറഞ്ഞു.എൻ.ഐ.എയുടെ കസ്റ്റഡിയിൽ കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. മക്കളെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലിലെത്തി കാണാൻ മക്കളെ അനുവദിച്ച കോടതി പരാതിയും രേഖപ്പെടുത്തി.
ശിവശങ്കറിന് മുന്നിലുള്ള സാദ്ധ്യതകൾ. മുൻകൂർ ജാമ്യത്തിന് ഇന്ന് എൻ.ഐ.എ കോടതിയെ സമീപിക്കാം. അത് അറസ്റ്റിന് തടസമാകില്ല. മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതെ ചോദ്യം ചെയ്യലിന് ഹാജരാകാം. അറസ്റ്റെങ്കിൽ ജയിലിലേക്ക് .
അതേസമയം സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി കന്റോൺമെന്റ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് റിപ്പോർട്ട് . സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ എൻഐഎ കോടതിയിലാണ് കന്റോൺമെന്റ് പോലീസ് സമർപ്പിക്കുന്നത്.
ഇതിനുള്ള നടപടിക്രമങ്ങൾ കന്റോൺമെന്റ് പോലീസ് ആരംഭിച്ചിട്ടുണ്ട്. വ്യാജ ബിരുദ കേസിൽ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ഈ കേസിൽ മേൽനോട്ടം വഹിക്കുന്ന കന്റോൺമെന്റ് എസി സുനീഷ് ബാബു പറഞ്ഞു.
മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരേയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഈ കേസിന്റെ തുടരന്വേഷണത്തിന് സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.