കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.പ്രതിക്ഷേധം ശക്തമായി രക്ഷാവഴികള്‍ അടഞ്ഞതോടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി.പിരിച്ചുവിടണമെന്ന ആവശ്യവുമായി മര്‍ദ്ദനമേറ്റ സുജിത്തും കോൺഗ്രസും !

തൃശൂര്‍: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ നിലപാടെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി എസ് സുജിത്തിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. നേരത്തേ പോലീസുകാരുടെ ഇന്‍ക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള നടപടി സ്വീകരിച്ചിരുന്നു. ഇതോടൊപ്പം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കുന്നംകുളം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പോലീസുകാരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുജിത്തിനെ പോലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമായി. ഇതാണ് സസ്പെൻഷനിലേക്ക് നയിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും മർദനമേറ്റ സുജിത്തും ആവശ്യപ്പെടുന്നത്.

തന്നെ മര്‍ദ്ദിച്ച അഞ്ചാമനെതിരെ നടപടി എടുത്തില്ലെന്ന് സുജിത്ത് പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ ശുപാര്‍ശയില്‍ താന്‍ സന്തുഷ്ടനല്ലെന്നും അഞ്ച് പേരെയും സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയാണ് വേണ്ടതെന്നും കുന്നംകുളം പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു. ഈ പൊലീസുകാര്‍ക്ക് ആര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുജിത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമങ്ങളുടെ പിന്തുണയ്ക്കും സുജിത്ത് നന്ദിയറിയിച്ചു. യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനഃപരിശോധിക്കാനുള്ള സസ്‌പെന്‍ഷന്‍ പുറത്തിറങ്ങിയത്.

വിവരാവകാശ നിയമ പ്രകാരം സുജിത്ത് നടത്തിയ നീക്കമാണ് ദൃശ്യങ്ങള്‍ പുറത്തെത്തിച്ചത്. ആരോപണ വിധേയര്‍ക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്‍ക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള ചെറിയ നടപടികളാണ് മാത്രമാണ് പോലീസുകാര്‍ക്കെതിരെ ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവി ഇടപെട്ടത്. സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതുമുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധനഗ്‌നനായി നിര്‍ത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്.

Top