ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായി!3 കേന്ദ്ര ഏജൻസികൾ ശിവശങ്കറെ ചോദ്യം ചെയ്തത് 92.5 മണിക്കൂർ ചാർട്ടേർഡ് അക്കൗണ്ടിന്റെ മൊഴിയും ശിവശങ്കറിന് എതിരായി.

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റിന്റേതാണ് നടപടി. എം.ശിവശങ്കര്‍ മറച്ചുവച്ച വിവരങ്ങള്‍ പുറത്തുവന്നത് ഡിജിറ്റല്‍ തെളിവുകളിലൂടെ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായുള്ള വാട്സാപ് ചാറ്റുകള്‍ പണമിടപാടിലെ പങ്കിന് തെളിവായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്.സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കറിനെതിരായ ശക്തമായി തെളിവാകും. ആറുമണിക്കൂറിലേറെ ചോദ്യംചെയ്തശേഷമാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

ശിവശങ്കറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.മുൻകൂർ ജാമ്യാപേക്ഷ ൈഹക്കോടതി തള്ളി മിനിട്ടുകൾക്കുള്ളില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യംചെയ്യല്‍. രാത്രി 10 മണിയോടെ അറസ്റ്റ്. ശിവശങ്കറിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി.

ജൂലൈ 5നു കസ്റ്റംസ് റജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയായതോടെയാണു കസ്റ്റംസ് ശിവശങ്കറിലേക്കെത്തിയത്. ജൂലൈ 14നും 15നും നടന്ന ആദ്യവട്ട ചോദ്യംചെയ്യലിൽ സ്വപ്നയുമായുള്ള അടുപ്പം മറച്ചു വയ്ക്കാതെ ശിവശങ്കർ ചോദ്യങ്ങളെ നേരിട്ടു.കള്ളക്കടത്തു സംഘം പലതവണ ഗൂഢാലോചന നടത്തിയതെന്നു പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റ് ഏർപ്പാടാക്കിയതും സ്വപ്നയ്ക്കു ബാങ്ക് ലോക്കർ എടുക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തിക സഹായം നൽകിയതുമെല്ലാം ശിവശങ്കർ തുറന്നു പറഞ്ഞു.

കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ സൗന്ദര്യ വർധക വസ്തുക്കൾ കടത്തിക്കൊണ്ടുവന്നു തിരുവനന്തപുരം മാർക്കറ്റിൽ വിൽക്കുന്നതുമടക്കമുള്ള കാര്യങ്ങൾ സ്വപ്ന പറ ഞ്ഞു. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ തനിക്ക് അറിയാമെന്നതാണ് അവിടത്തെ ജോലി നഷ്ടപ്പെടാൻ കാരണമെന്നും സ്വപ്ന പറഞ്ഞതായി ശിവശങ്കർ മൊഴി നൽകി. ഒരുമിച്ചു യാത്ര നടത്തിയതുമടക്കമുള്ള വിശദാംശങ്ങളും പറഞ്ഞു. എന്നാൽ, സ്വർണക്കടത്തോ സ്വപ്നയുടെ പണമിടപാടുകളോ അറിയില്ലെന്നായിരുന്നു നിലപാട്. ഇതിനെതിരായ തെളിവുകൾ ആ സമയത്തു കസ്റ്റംസിന്റെ കൈയിലില്ലായിരുന്നു. ശിവശങ്കറിന്റെ ഐഫോൺ കസ്റ്റംസ് വാങ്ങിവച്ചു.അടുത്തത് എൻഐഎയുടെയും ഇഡിയുടെയും ഊഴം. അവർ 6 വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്തു.

സ്വർണക്കടത്തു കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഈ മാസം 9ന് ശിവശങ്കറിന്റെ ഫയൽ വീണ്ടും കസ്റ്റംസ് തുറന്നു. നിർണായകമായൊരു വിവരം, ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു: സ്വർണക്കടത്തിനു മുൻപു തന്നെ സ്വപ്നയുടെ പണമിടപാടു സംബന്ധിച്ച് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിൽ പലതവണ വാട്സാപ് ചാറ്റ് നടന്നു.

സ്വർണക്കടത്തിനു മുൻപു നടന്ന വാട്സാപ് ചാറ്റ് കസ്റ്റംസ് പരിഗണിക്കേണ്ടതില്ല. പക്ഷേ, ശിവശങ്കർ കാര്യങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് അവർക്കു വ്യക്തമായി. അതോടെ പണമിടപാടുകളെ പറ്റിയുള്ള അന്വേഷണത്തിലായി കസ്റ്റംസ്.9ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിപ്പിച്ചത് ഈന്തപ്പഴം ഇറക്കുമതി, മതഗ്രന്ഥ വിതരണ കേസുകളിലാണ്. പക്ഷേ, ഉച്ച കഴിഞ്ഞപ്പോഴേക്കും ചോദ്യങ്ങൾ സ്വർണക്കടത്തിലെത്തി. 11 മണിക്കൂറിനു ശേഷം ശിവശങ്കറിനെ വിട്ടയച്ചു. പിറ്റേന്നും വരാനുള്ള നോട്ടിസ് നൽകിയാണു വിട്ടയച്ചതെന്നു മാത്രം.കസ്റ്റംസ് ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ, ‘ദേഹാസ്വാസ്ഥ്യം’ കാരണം ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നേരം കാത്തിരുന്ന ശേഷം കസ്റ്റംസ് മടങ്ങി. അടുത്ത ദിവസം തന്നെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി. മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളി, നിമിഷങ്ങൾക്കകം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത ഇഡി, ഉച്ചതിരിഞ്ഞു 3.20ന് അദ്ദേഹത്തെ കൊച്ചിയിലെ ഓഫിസിലെത്തിച്ചു. രാത്രി പത്തു മണിയോടെ അറസ്റ്റ്.

10ന് ട്രിപ്പിൾ ലോക്കുമായാണു കസ്റ്റംസ് ശിവശങ്കറിനെ വരവേറ്റത്. കമ്മിഷണറേറ്റിൽ ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത്, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലും ചോദ്യം ചെയ്തു. വീണ്ടും 11 മണിക്കൂർ ചോദ്യം ചെയ്യൽ.വിദേശയാത്രകൾ സംബന്ധിച്ച് തെളിവുകൾ 13ന് ഹാജരാക്കാമെന്ന ഉറപ്പിൽ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചു. പക്ഷേ, 13ന് ശിവശങ്കർ സമയം നീട്ടിച്ചോദിച്ചു.

1.90 ലക്ഷം ഡോളർ (1.34 കോടി രൂപ) വിദേശത്തേക്കു കടത്തിയെന്ന കേസിൽ സ്വപ്ന, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി ഈ മാസം 16ന് കസ്റ്റംസ് സാമ്പത്തികക്കുറ്റ വിചാരണക്കോടതിയെ സമീപിച്ചു. അന്നു വൈകിട്ട് 6നു തിരുവനന്തപുരത്തു ചോദ്യം ചെയ്യലിനു ഹാജരാകാൻ ശിവശങ്കറിനും കസ്റ്റംസ് നോട്ടിസ് നൽകി. വെറും അര മണിക്കൂർ മുൻപു മാത്രം.ജോ. കമ്മിഷണർ വസന്തഗേശനും അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വിവേക് വാസുദേവനും കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ശിവശങ്കറിനെ വീട്ടിൽനിന്നു കാറിൽ കയറ്റി, കസ്റ്റംസ് ഉദ്യോഗസ്ഥർ ഓഫിസിലേക്കു യാത്ര തുടങ്ങി.

Top