മണൽമാഫിയ കുടിപ്പക: ഫോണിൽ ഭീഷണി മുഴക്കിയത് പൊലീസ് റൗഡി ലിസ്റ്റിൽ പെട്ടയാൾ..

കോതമംഗലം :മണൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഫോണിലൂടെ വെല്ലുവിളിയും വധഭീഷണിയും മുഴക്കിയത് കോട്ടപ്പടി പോലീസ് സ്റ്റേഷനിലെ സ്‌ഥിരം കുറ്റവാളികളുടെ ലിസ്റ്റിൽ പെട്ട ആണ്ടവൻ എന്ന ബിബിൻ ആണെന്ന് തെളിഞ്ഞു. മണൽ മാഫിയകൾ തമ്മിൽ വെല്ലുവിളിക്കുന്നതിന്റെ സംഭാഷണം കഴിഞ്ഞ ദിവസം മംഗളം ന്യൂസ് പുറത്തു വിട്ടിരുന്നു. ഭീഷണിപ്പെടുത്തുന്ന ആളിന്റെയോ ഭീഷണിക്ക് ഇരയാവുന്ന ആളിന്റെയോ പേരുവിവരങ്ങൾ പറയാതെയായിരുന്നു മംഗളം ന്യൂസ് വാർത്ത നൽകിയത്. എന്നാൽ വാർത്ത വന്നതിന് പിന്നാലെ ആണ്ടവൻ എന്ന ബിബിൻ മംഗളം ന്യൂസിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇയാളുടെ ഭീഷണിക്ക് വിധേയനായ പാക്കാട്ടുമോളയിൽ മജീദ് എന്നയാൾ കഴിഞ്ഞ ദിവസം ബിബിനെതിരെ കോട്ടപ്പപ്പറ്റി പൊലീസിൽ പരാതി നൽകിയിരുന്നു. ബിബിൻ തന്നെ ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നും തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി ആണ്ടവൻ എന്ന ബിബിൻ ആണെന്ന് കാണിച്ചു നൽകിയ പരാതി മണിക്കൂറുകൾക്കകം സമ്മർദത്തെ തുടർന്ന് പിൻവലിക്കുകയും ചെയ്തു.

എന്നാൽ മജീദിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അമിതമായി മദ്യം കഴിച്ച മജീദ് പല തവണ തന്നെ പ്രകോപിപ്പിച്ചെന്നും ഇതേ തുടർന്ന് ദേഷ്യപ്പെടുക മാത്രമായിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണവുമായി ആണ്ടവൻ എന്ന ബിബിനും രംഗത്തെത്തി.

ആണ്ടവൻ എന്ന വിളിപ്പേരുള്ള ബിബിൻ വർഷങ്ങളായി കോട്ടപ്പടി പൊലീസിന്റെ സ്‌ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകൾ മംഗളം ന്യൂസിന് ലഭിച്ചു. പിടിച്ചുപറിയും മോഷണവും അടക്കമുള്ള കേസുകളിൽ പ്രതിയായിരുന്ന ഇയാളെ സംരക്ഷിച്ചത് പൊലീസിലെ തന്നെ ചിലരാണെന്ന വിവരങ്ങളും മംഗളം ന്യൂസിന് ലഭിച്ചു. എതിർക്കുന്നവർക്കെതിരെ വ്യാജ പരാതി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇയാളുടെ സ്‌ഥിരം പരിപാടിയാണത്രെ. ഫോണിലൂടെയും നേരിട്ടുമുള്ള ഭീഷണിക്ക് വഴങ്ങാത്തവർക്കെതിരെയാണ് നിരന്തരം പരാതി നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ആരുടെയും പേരുകൾ സുചിപ്പിക്കാതെ മണൽ മാഫിയകൾ തമ്മിലുള്ള ഭീഷണിയും വെല്ലുവിളിയും വർത്തയാക്കിയ മംഗളം ന്യൂസിനെതിരെയും ഇയാൾ പരാതി നൽകിയത്.

Top