വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ വിട്ടയച്ച സംഭവം: എസ് ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ എസ് ഐക്ക് സസ്‌പെൻഷൻ. മംഗലപുരം എസ് ഐ തുളസീധരൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ എസ് ഐ തുളസീധരൻ നായർ സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവം ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഉത്തരവുണ്ട്.

രണ്ട് ദിവസം മുമ്പാണ് കണിയാപുരം മസ്താൻ മുക്കിൽ വച്ച് വിദ്യാർത്ഥിയായ അനസിനെ ഗുണ്ടാനേതാവ് ഫൈസൽ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ബൈക്കിൽ വരികയായിരുന്ന അനസിനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയായ ഫൈസൽ വഴിയിൽ തടഞ്ഞുനിർത്തി ബൈക്കിന്റെ താക്കോൽ ഊരിമാറ്റിയ ശേഷമായിരുന്നു മർ‌ദ്ദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമീപത്തുള്ള സി സി ടി വി ക്യാമറകളിൽ മർദ്ദിക്കുന്നതിന്റെ ദൃശ്യം വ്യക്തമായിരുന്നെങ്കിലും ഫൈസലിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം മാദ്ധ്യമങ്ങളിൽ വാർത്ത ആയതോടെ ദുർബല വകുപ്പുകൾ ചേർത്ത് ഗുണ്ടാനേതാവിനെതിരെ എസ് ഐ തുളസീധരൻ നായർ കേസെടുക്കുകയും അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു.

പുറത്തിറങ്ങിയ ഫൈസലിനെ പിന്നീട് നാട്ടുകാർ കൂട്ടമായി മർദ്ദിക്കുകയും ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് എസ് ഐ തുളസീധരൻ നായർ കേസെടുക്കുകയുമായിരുന്നു. ഒരു വധശ്രമക്കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതി ആയിരുന്നിട്ട് കൂടി ഫൈസലിനെ നിസാര കുറ്റം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച എസ് ഐ നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തത് അന്ന് തന്നെ വിവാദമായിരുന്നു. തുടർന്ന് ഇന്നലെ ഡി ഐ ജി പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു

Top