പഠന മികവുള്ള കുട്ടി പെട്ടെന്ന് പരാജയപ്പെടാന്‍ തുടങ്ങി; കാരണം ചോദിച്ച ടീച്ചര്‍ കേട്ടത് ഞെട്ടിക്കുന്ന പീഡനത്തിന്റെ വിവരണം

റായ്പൂര്‍: ആറാം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി. പതുക്കെ പതുക്കെ അവള്‍ പഠനത്തില്‍ പിന്നാക്കമായി. ക്ലാസില്‍ ഒന്നും സംസാരിക്കാതെ മൗനിയായി. ഒന്‍പതാം ക്ലാസിലെത്തിയപ്പോഴേക്കും പരീക്ഷകള്‍ക്ക് പരാജയപ്പെടാന്‍ തുടങ്ങി. ഇതോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അവളെ കൗണ്‍സലിങ്ങിന് വിധേയമാക്കി. കാരണം ചോദിച്ച പ്രിന്‍സിപ്പലിനോട് അവള്‍ തുറന്നു പറഞ്ഞു നാലുവര്‍ഷമായി താന്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. 15 വയസാണ് പെണ്‍കുട്ടിയ്ക്ക് പ്രായം.

ആദ്യം സംസാരിക്കാന്‍ മടിച്ച പെണ്‍കുട്ടി പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ടാണ്പ്രിന്‍സിപ്പലിനോട് കാര്യങ്ങള്‍ വിവരിച്ചത്. ഇപ്പോള്‍ 15 വയസാണ് പെണ്‍കുട്ടിയുടെ പ്രായം. ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. 30കാരനായ അയല്‍വാസി ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ തന്നെ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി തുറന്ന് പറഞ്ഞു.

നാല് വര്‍ഷമായി സ്‌കൂള്‍ വിട്ട് വരുന്ന വഴി ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും. മറ്റൊരു സുഹൃത്തിനെ ഇയാള്‍ വിളിച്ചുവരുത്തി അയാളും തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലായ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇരുവരും ഒറ്റക്കാണ് താമസം. ഒരാളെ നേരത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Top