ഉത്തര്‍പ്രദേശ്: മീററ്റില്‍ പട്ടാപ്പകല്‍ അമ്മയെയും മകനെയും വെടിവച്ചു കൊന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് സാക്ഷി പറയാതിരിക്കാനാണ് അമ്മയെയും മകനെയും കൊലപ്പെടുത്തിയത്. അമ്മയെ മൂന്നു പേര്‍ ചേര്‍ന്ന് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
2016 ഒക്ടോബറില്‍ നരേന്ദര്‍ സിങ് കൊല്ലപ്പെട്ടു. ഈ കേസില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കാനിരിക്കെയാണ് ഭാര്യ നിചെതര്‍ കൗറും (60) മകന്‍ ബാല്‍മേന്ദ്രയും (28) വെടിയേറ്റു മരിച്ചത്. സരോഖയിലെ വീട്ടില്‍നിന്ന് പട്ടണത്തിലേക്കു കാറില്‍ പോകുമ്പോഴാണു ബാല്‍മേന്ദ്രയെ ബൈക്കില്‍ എത്തിയ മൂന്നുപേര്‍ വെടിവച്ചു കൊന്നത്. ഇതേ സംഘം മിനിറ്റുകള്‍ക്കകം വീട്ടിലെത്തി നിചേതറിനെയും വകവരുത്തി.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പിന്തുണച്ചില്ലെന്ന പേരിലാണ് അടുത്ത ബന്ധു നരേന്ദര്‍ സിങ്ങിനെ വധിച്ചത്. പ്രതികള്‍ക്കെതിരെ സാക്ഷി പറയരുതെന്ന് ഇവര്‍ക്കു ഭീഷണി ഉണ്ടായിരുന്നു. ഇവര്‍ ഇത് അനുസരിച്ചില്ല. പകരം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഒരു സുരക്ഷയും ഒരുക്കിയില്ല. തുടര്‍ന്നു ബാല്‍മേന്ദ്ര വീടിനുള്ളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. സംഭവത്തില്‍ ഗോലു എന്നയാള്‍ അറസ്റ്റിലായി.
പ്രതികളിലൊരാള്‍ നരേന്ദറിനെ വധിച്ച കേസിലെ പ്രതിയുടെ സഹോദരനാണെന്നു തിരിച്ചറിഞ്ഞു. അമ്മയ്ക്കും മകനും സംരക്ഷണം നല്‍കാത്തതിന് അഞ്ചു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.


