കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ല:മുല്ലപ്പള്ളി

സ്വന്തം ലേഖകൻ
തിരു:കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ഷക ദ്രോഹ നിയമത്തിന് എതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.സി.സി.നിര്‍ദേശപ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ ആശയങ്ങളെ കാറ്റില്‍പ്പറത്തിയുമാണ് നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്.അധികാരത്തില്‍ എത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പോരാട്ടം നടത്തും.കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയത്.

ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്.കോവിഡ് കാലത്തും പോലും നമ്മുടെ രാജ്യത്ത് പട്ടിണി മരണങ്ങള്‍ ഇല്ലാതിരുന്നത് കര്‍ഷകന്റെ കഠിനാധ്വാനം കൊണ്ടാണ്.അത് നരേന്ദ്ര മോദി മറന്നിട്ടാണ് കര്‍ഷക താല്‍പ്പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം പാസാക്കിയത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കാര്‍ഷിക വിളകള്‍ക്ക് ന്യായ വില,താങ്ങുവില തുടങ്ങിയവ കര്‍ഷകന് നഷ്ടമായെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട കൊടിയ പട്ടിണിയേയും ദാരിദ്ര്യത്തേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ധീരമായിട്ടാണ് നേരിട്ടത്. കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്. മറ്റെന്തിന് വേണ്ടികാത്തിരുന്നാലും കൃഷിക്കുവേണ്ടി സമയം കളയാനാകില്ലെന്ന പ്രഖ്യാപിച്ച ഭരണാധികാരിയാണ് നെഹ്രു.കര്‍ഷിക മേഖലയില്‍ വലിയ മാറ്റം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കി. ഹരിത വിപ്ലവം,ധവള വിപ്ലവം എന്നിവ ഉള്‍പ്പെടെ നാം കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചു.ഭക്ഷ്യസുരക്ഷ നടപ്പാക്കി.എന്നാല്‍ ഇവയെല്ലാം ഈ കരിനിയമങ്ങള്‍ കൊണ്ട് തകര്‍ക്കാനാണ് മോദിയുടെ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണ്.ചങ്ങാത്ത മുതലാളിത്ത മൂലധനശക്തികളുമായിട്ടാണ് മുഖ്യമന്ത്രിക്ക് ബന്ധമെന്നും കര്‍ഷകന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കര്‍ഷക സമരം നീണ്ടുപോകുന്നത്  ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്തപ്രഹരം:ഉമ്മന്‍ചാണ്ടി

പരിഹാരം കാണാന്‍ കഴിയാതെ കര്‍ഷക സമരം നീണ്ടുപോകുന്നത് രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കര്‍ഷകര്‍ രാജ്യത്തിന്റെ ജീവനാഡിയാണ്.കാര്‍ഷിക രംഗത്തും ഭക്ഷ്യ സുരക്ഷയിലും സ്വയംപര്യാപ്തത വഹിക്കാന്‍ രാജ്യത്തെ സഹായിച്ചത് കര്‍ഷകരാണ്.അതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം.കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കുന്ന സമീപനമാണ് ഭരണാധികാരികളില്‍ നിന്നും ഉണ്ടാകേണ്ടത്.ജവാനെയും കര്‍ഷകനെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ.അവര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ നോക്കേണ്ട ബാധ്യത നമ്മുക്കുണ്ട്.രാജഭരണമല്ല ഇന്ത്യയിലേത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. പ്രധാനമന്ത്രി കര്‍ഷകനോട് സംവദിക്കാന്‍ ഭയപ്പെടുന്നു.കര്‍ഷകരുടെ മനോവീര്യം കെടുത്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്്.കര്‍ഷകര്‍ നയിക്കുന്ന പ്രതിഷേധത്തില്‍ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകും.അവര്‍ ഈ വിഷയത്തില്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,പിസി ചാക്കോ,അടൂര്‍ പ്രകാശ് എംപി, എഐസിസി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ,പി.വിശ്വനാഥന്‍,കെപിസിസി വൈസ് പ്രസിഡന്റുമാര്‍,ജനറല്‍ സെക്രട്ടറിമാര്‍,സെക്രട്ടറിമാര്‍,ഡി.സി.സി പ്രസിഡന്റുമാര്‍,എംഎല്‍എമാര്‍,പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top