മയക്കുമരുന്ന് ഉപയോഗിച്ചതിന് പിന്നാലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; നിരസിച്ച യുവാവിനെ പത്തൊമ്പതുകാരന്‍ കൊലപ്പെടുത്തി

മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സുഹൃത്തായ യുവാവിനെ നിര്‍ബന്ധിക്കുകയും ആവശ്യം നിരസിച്ച സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പത്തൊമ്പതുകാരന്‍ അറസ്റ്റിലായി. മുംബൈ മലാഡിലെ പത്താന്‍വാടിയ്ക്ക് സമീപമുള്ള കൈലാസ് ഗ്രാനൈറ്റ് ആന്‍ഡ് മാര്‍ബിള്‍ സ്റ്റോറിന് സമീപം വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പത്തൊമ്പതുകാരനായ നൂര്‍ മുഹമ്മദ് ഷക്കീല്‍ ഉല്ലാ ഷെയ്ഖിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നൂര്‍ മുഹമ്മദ് സുഹൃത്തായ അസ്ലമിനെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇരുവരും ഒരുമിച്ച് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട്. സംഭവം നടന്ന വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ മലാഡില്‍ വച്ച് ഇവര്‍ രണ്ടുപേരും കണ്ടുമുട്ടി. ഈ സമയത്ത് ഇവര്‍മയക്ക് മരുന്ന് ഉപയോഗിച്ചു. തുടര്‍ന്നാണ് നൂര്‍ മുഹമ്മദ് അസ്ലം മുഹമ്മദിനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത്. പക്ഷെ നൂര്‍ മുഹമ്മദിന്റെ ആവശ്യം അസ്ലം അംഗീകരിച്ചില്ല. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അസ്ലമിനെ നൂര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പൊലീസ് നൂര്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇയാളെ ബോറിവലി കോടതിയില്‍ പോലീസ് ഹാജരാക്കി.

Top