പാതിരാത്രിയിലെ ചേച്ചിയുടെ ഫോണ്‍വിളി; ഉറക്കത്തിന് ശല്യമായതോടെ 16 കാരന്‍റെ ക്രൂരത…

മുംബൈ: പാതിരാത്രിയിലും ചേച്ചി ഫോണില്‍ സംസാരിച്ചിരിക്കുന്ന സ്വഭാവമാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്. പലവട്ടം ഇവര്‍ തമ്മില്‍ വിഷയത്തില്‍ തല്ലുകൂടിയിട്ടുണ്ട്. ഒടുവില്‍ ചേച്ചിയെ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ വസായിക്ക് സമീപത്താണ് സംഭവം. പാതിരാത്രിയിലെ ചേച്ചിയുടെ ഫോണ്‍ ഉപയോഗം എല്ലാ ദിവസവും തന്‍റെ ഉറക്കം നഷ്ടപ്പെടുത്തിയതാണ് കൊലയ്ക്ക് കാരണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പത്തൊന്‍പതുകാരിയായ ചേച്ചി സദാസമയവും ഫോണിലായിരുന്നുവെന്ന് അനിയന്‍ പറയുന്നു. രാത്രിയിലെ ഫോണ്‍വിളി പലദിവസവും പുലരും വരെ നീളാറുണ്ടായിരുന്നു. ഉറങ്ങാന്‍ അനുവദിക്കണമെന്ന് പല പ്രാവശ്യം ചേച്ചിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇത് കേള്‍ക്കാന്‍ ചേച്ചി തയ്യാറായിരുന്നില്ല. തിങ്ങളാഴ്ച ഉച്ചയ്ക്ക് ഇത് സംബന്ധിച്ച് വലിയ തോതിലുള്ള തര്‍ക്കം ഉടലെടുത്തിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെയാണ് ചേച്ചിയെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്നും പതിനാറുകാരന്‍ മൊഴി നല്‍കി. കൊലയ്ക്ക് ശേഷം ഇയാള്‍ ചേച്ചിയുടെ  മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുഹൃത്തുക്കള്‍ കൂട്ടുനിന്നില്ല. സംഭവമറിഞ്ഞെത്തിയ പൊലീസ് പതിനാറുകാരനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. വീട്ടുജോലിക്കാരിയാണ് അമ്മ. അച്ഛനാകട്ടെ കഴിഞ്ഞ രണ്ടുമാസമായി സ്വദേശമായ ജല്‍ഗാവിലാണെന്നാണ് വിവരം.

Top