മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയുള്‍പ്പെടുത്തി ശരിയത്ത് നിയമത്തിനുള്ള ചട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി

മുസ്‌ലിം വ്യക്തിനിയമം (ശരിയത്ത്) ബാധകമാകുന്നതിന് മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയുള്‍പ്പെടുത്തി ശരിയത്ത് നിയമത്തിനുള്ള ചട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. ചട്ടം ഡിസംബര്‍ രണ്ടിന്റെ അസാധാരണ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരിയത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തി. സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് ശരിയത്ത് നിയമം ബാധകമാകില്ല. വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലാണ് ശരിയത്ത് നിയമം കൂടുതലായി ബാധകമാകുക. നിലവില്‍ മുസ്‌ലിമെന്നനിലയില്‍ ശരിയത്ത് നിയമം ബാധകമായവര്‍ക്കും സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരും. നിലവിലുള്ളവരെ ഇതില്‍ നിന്നൊഴിവാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥയില്ല. അതത് തഹസില്‍ദാര്‍ക്കാണ് രേഖകള്‍ സഹിതമുള്ള സത്യവാങ്മൂലം നല്‍കേണ്ടത്. നൂറുരൂപയാണ് ഫീസ്.

ആവശ്യമുള്ള രേഖകള്‍:

മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്- മറ്റ് അനുബന്ധ രേഖകള്‍ എന്നിവയാണ് ആവശ്യമായ രേഖകള്‍. ഒരുമാസത്തിനകം തഹസില്‍ദാര്‍ പരിശോധന നടത്തണം. അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 50 രൂപ പത്രത്തില്‍ രേഖപ്പെടുത്തി നല്‍കും. തഹസില്‍ദാര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്‍ക്കണം. അപേക്ഷ നിരസിച്ചാല്‍ എ.ഡി.എമ്മിനാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീലില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം.

81 വര്‍ഷങ്ങള്‍ക്കുശേഷമാണ് 1937ലെ മുസ്‌ലിം വ്യക്തിനിയമത്തിന് ചട്ടമുണ്ടാകുന്നത്. കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ചട്ടം രൂപവത്കരിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വന്നു. മൂന്നുമാസത്തിനകം ചട്ടം രൂപവത്കരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചട്ടത്തിന് രൂപംനല്‍കിയിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ശരിയത്ത് നിയമത്തിന് ചട്ടമുണ്ടാക്കിയത്. മുസ്‌ലിങ്ങളാണെന്ന സത്യവാങ്മൂലം നല്‍കുന്നതിന് തെളിവായി മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സാക്ഷ്യപത്രം സ്വീകരിക്കാന്‍ വ്യവസ്ഥയുള്ളതിനാല്‍ വലിയ പ്രയാസം ഉണ്ടാകാനിടയില്ലെന്ന് നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പറഞ്ഞു.

ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതുവരെ ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമില്ലായിരുന്നു. മുഴുവന്‍ മുസ്‌ലിങ്ങളും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ശരിയത്ത് നിയമം ബാധകമാക്കേണ്ടെന്ന് ആഗ്രഹിക്കുന്നവരില്‍ നിന്ന് വിസമ്മതപത്രം വാങ്ങുകയാണ് വേണ്ടതെന്നും
കെഎന്‍എ ഖാദര്‍ പറഞ്ഞു.

Top