കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികൾക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഇമ്രാൻ’ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്.
നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ നിന്നും ഡിജിറ്റൽ തെളിവുകളിൽ നിന്നുമാണ് ഇമ്രാനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മലേഷ്യയിൽ ഇരുന്നുകൊണ്ട് ഇയാൾ ഉദ്യോഗസ്ഥരുമായി നിരന്തരം വീഡിയോ കോളുകളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചു….
വനിതാ ജീവനക്കാരെ സ്വാധീനിക്കാൻ ഒരു ‘പ്രഭാഷകൻ’ എന്ന നിലയിലാണ് ഇമ്രാൻ പ്രത്യക്ഷപ്പെട്ടിരുന്നത്. വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി, ആഡംബര ജീവിതം തുടങ്ങിയ മോഹനവാഗ്ദാനങ്ങൾ നൽകി ജീവനക്കാരെ വശീകരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായി ചാറ്റുകൾ സൂചിപ്പിക്കുന്നു .
ടിസിഎസ് നാസിക് സെന്ററിൽ ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയെത്തുടർന്ന് വളരെ രഹസ്യമായ നീക്കങ്ങളിലൂടെയാണ് പോലീസ് പ്രതികളെ കുടുക്കിയത്. ശുചീകരണ തൊഴിലാളികളായി വേഷം മാറിയ വനിതാ പോലീസുകാരാണ് സ്ഥാപനത്തിനുള്ളിലെ അനാശാസ്യ പ്രവർത്തനങ്ങളും ഭീഷണികളും നേരിട്ട് ബോധ്യപ്പെട്ടത്.കേസുമായി ബന്ധപ്പെട്ട് നിലവിൽ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ഉയർന്ന പീഡന, മതപരിവർത്തന പരാതികളെ തുടർന്ന് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി പൊലീസ് ഇടപെട്ട് നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ വ്യാഴാഴ്ച കമ്പനി ജീവനക്കാർക്ക് നിർദ്ദേശം നൽകി. തൊഴിലിടത്തിൽ വർഷങ്ങളോളം നീണ്ടുനിന്ന മാനസിക പീഡനങ്ങളും മതപരമായ വിവേചനങ്ങളും പുറത്തുവന്നതോടെയാണ് ഓഫീസ് താൽക്കാലികമായി അടച്ചുപൂട്ടിയത്. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്.
ലൈംഗിക പീഡനം, മാനസിക പീഡനം, മതപരമായ വിവേചനങ്ങൾ എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ടിസിഎസ് കേന്ദ്രത്തിലെ ജീവനക്കാർ ഉന്നയിച്ചത്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാനും താൽപ്പര്യമില്ലാത്ത മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും ജീവനക്കാരെ നിർബന്ധിച്ചിരുന്നതായും ആരോപണങ്ങളുണ്ട്. പ്രതികളിലൊരാൾ ഒരു ജീവനക്കാരിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതി ജീവനക്കാരിലൊരാളെ അനുചിതമായി സ്പർശിക്കുകയും അവരുടെ വ്യക്തിപരവും ദാമ്പത്യപരവുമായ ജീവിതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.











