നയന്‍ മാമിന് കുറച്ച് സീരിയസ് ആണെന്ന് പറഞ്ഞാണ് ഞാന്‍ നോക്കാന്‍ പോയത്; അവിടെ കണ്ട കാഴ്ച്ച ഞെട്ടിച്ചു; ഉടനെ ആശുപത്രിയില്‍ എത്തിച്ചു; കൊറിയോഗ്രാഫര്‍ വിജി പറയുന്നു

മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴകത്തെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ താരമാണ് നയന്‍താര. തന്റെ ചിത്രങ്ങള്‍ക്കായി എത്ര കഠിനമായി പണിയെടുക്കാനും മടിയില്ലാത്ത താരമാണ് അവര്‍. അത്തരത്തില്‍ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നയന്‍സിന്റെ പുതിയ ചിത്രം ഐറയുടെ കൊറിയോഗ്രാഫര്‍ വിജി മാസ്റ്റര്‍. കുസേലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ഒരു കാര്യമാണ് വിജി ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. വിശ്രമമില്ലാതെ തുടര്‍ച്ചയായി പണിയെടുത്ത നയന്‍താര മേയ്ക്കപ്പ് റൂമില്‍ ബോധരഹിതയായി വീണുവെന്നും ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിച്ച നയന്‍താരയുടെ കൂടെ അന്ന് മുഴുവന്‍ സമയവും ഉണ്ടായിരുന്നത് താനായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. ‘ഞാനന്ന് ബൃന്ദ മാസ്റ്ററുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ചെന്നൈയില്‍ വിശാല്‍-നയന്‍താര ചിത്രം സത്യത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഹൈദരാബാദില്‍ കുസേലന്റെ സെറ്റിലേക്ക് പോയി.

ഞാനും ബൃന്ദ മാസ്റ്ററും സെറ്റിലേക്കും നയന്‍ മാം മെയ്ക്ക്പ്പ് ചെയ്യാനുമായി പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കോള്‍. നയന്‍ മാമിന് കുറച്ച് സീരിയസ് ആണെന്നും പറഞ്ഞ്. എന്നോട് ഒന്ന് പോയി നോക്കാന്‍ ബൃന്ദ മാസ്റ്റര്‍ പറഞ്ഞു. ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയന്‍താര മാമിന് കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. അന്ന് മാമിനൊപ്പം മുഴുവന്‍ സമയവും ഞാന്‍ ഉണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമായി മാറി മാറി വിശ്രമമില്ലാതെ പണിയെടുത്തതാണ് മാമിന്റെ ക്ഷീണത്തിന് കാരണമായത്’. വിജി പറയുന്നു. ഐറയില്‍ നയന്‍താര തന്നെ വിസ്മയിപ്പിച്ചുവെന്നും മികച്ച അഭിനേത്രിയാണ് അവരെന്നും വിജി പറയുന്നു. ‘നയന്‍താര വളരെ മനോഹരമായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഇരട്ട വേഷത്തില്‍ എത്തുന്ന മാം രണ്ട് ഭാഗത്തിലും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയ്ക്ക് കണ്ണ് നിറഞ്ഞുപോയി.’ നയന്‍സ് ഇരട്ടവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഐറയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ഹൊറര്‍ ചിത്രമായി ഒരുക്കുന്ന ഐറ തമിഴ്-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങും.

Top