നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് പ്രവാസി പ്രാതിനിധ്യം അനിവാര്യം; ആവശ്യം ശക്തമാക്കി ഗ്ലോബൽ മലയാളി ഫോറം

norka-logo

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ശക്തികളിലൊന്നായ പ്രവാസി സമൂഹത്തിന് ഭരണതലത്തിൽ കൂടുതൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നോർക്ക (NORKA) എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പ്രവാസി ജീവിതത്തിന്റെ യാഥാർഥ്യങ്ങളും വെല്ലുവിളികളും നേരിട്ട് അനുഭവിച്ച ഒരു പ്രവാസി മലയാളിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബൽ മലയാളി ഫോറം രംഗത്തെത്തി.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കിടയിൽ ഈ ആവശ്യം ഇതിനകം വലിയ ചർച്ചയായിട്ടുണ്ടെന്ന് ഫോറം വ്യക്തമാക്കി. വിവിധ പ്രവാസി സംഘടനകളുടെയും സോഷ്യൽ മീഡിയ കൂട്ടായ്മകളുടെയും ഇടയിലും വിഷയം ശ്രദ്ധ നേടുന്നുണ്ട്. ദശാബ്ദങ്ങളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികൾക്ക് സ്വന്തം നാട്ടിൽ മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന വികാരവും ശക്തമാകുന്നതായി ഫോറം ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്ലോബൽ മലയാളി ഫോറം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് പ്രവാസി നേതൃത്വത്തിന്റെ ആവശ്യകത. പ്രവാസി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളും വെല്ലുവിളികളും നേരിട്ട് മനസ്സിലാക്കിയ ഒരാൾക്ക് മാത്രമേ അവരുടെ പ്രശ്നങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഫലപ്രദമായ ഇടപെടലുകൾ നടത്താൻ സാധിക്കൂവെന്നാണ് ഫോറത്തിന്റെ നിലപാട്.

വിസ സംബന്ധമായ അനിശ്ചിതത്വങ്ങൾ, തൊഴിൽ നഷ്ടം, സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങളിലെ കാലതാമസം, ഭൂമി തർക്കങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും ഇടപെടാൻ ഔദ്യോഗിക സംവിധാനങ്ങളിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യം അനിവാര്യമാണെന്നും ഫോറം അഭിപ്രായപ്പെട്ടു.

കോവിഡ് കാലഘട്ടത്തിൽ വ്യക്തിപരമായ ഇടപെടലുകളും സഹായ ശൃംഖലകളും പ്രവാസികൾക്ക് വലിയ പിന്തുണ നൽകിയ സാഹചര്യത്തിൽ, ഇത്തരം സേവനങ്ങൾ കൂടുതൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സർക്കാർ-പ്രവാസി ബന്ധം കൂടുതൽ സുതാര്യവും വിശ്വാസപൂർണവുമാക്കുന്നതിന് ഇത്തരമൊരു നിയമനം നിർണായകമാകുമെന്നും ഫോറം വിലയിരുത്തുന്നു.

ലോക കേരളസഭ പോലുള്ള വേദികൾ വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും, സാധാരണ പ്രവാസികൾ നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾക്ക് ഇപ്പോഴും കാര്യമായ പരിഹാരങ്ങൾ ലഭ്യമാകുന്നില്ലെന്നും ഫോറം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വാധീനങ്ങൾ തേടി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യം അവസാനിപ്പിക്കേണ്ട സമയമായെന്നും സംഘടന ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ശബ്ദം ഭരണതലത്തിലെ തീരുമാന കേന്ദ്രങ്ങളിൽ എത്തേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് ഗ്ലോബൽ മലയാളി ഫോറം ഭാരവാഹികൾ വ്യക്തമാക്കി. പുതിയ സർക്കാർ നേതൃത്വം പ്രവാസികളുടെ ഈ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും അർഹമായ അംഗീകാരവും പ്രാതിനിധ്യവും നൽകുമെന്ന പ്രതീക്ഷയും ഫോറം പ്രകടിപ്പിച്ചു.

Top