അയർലണ്ട് തൊഴിൽ നിയമങ്ങളിൽ വിപ്ലവ മാറ്റങ്ങൾ; നഴ്സുമാർക്ക് പങ്കാളിയെയും കുടുംബത്തെയും കൂടെകൂട്ടാം

അയർലണ്ടിലെ വർക്ക് പെർമിറ്റ് നിയമങ്ങളിൽ  സർക്കാർ വമ്പൻ മാറ്റങ്ങൾ കൊണ്ടുവന്നു. ജോലിക്കായി അയർലണ്ടിലെത്തുന്ന  എല്ലാ നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് നൽകുന്നതടക്കം പ്രവാസികക്കാകെ സഹായകമാകുന്ന സുപ്രധാന നിയമ മാറ്റങ്ങളാണ് സർക്കാർ ഉത്തരവിലൂടെ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. അടുത്ത വർഷം ആദ്യം മുതലാണ് പുതിയ വർക്ക്  പെര്‍മിറ്റ്  നിയമം പ്രാബല്യത്തില്‍ വരുന്നത്.

ഇത്രയും കാലം  അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്സുമാർക്ക് ക്രിട്ടിക്കല്‍ സ്‌കില്‍, ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. എന്നാൽ മാറുന്ന നിയമപ്രകാരം  നഴ്സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാണ് ഉള്‍പ്പെടുക. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള നഴ്സുമാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല്‍ പെര്‍മിറ്റില്‍ എത്തിയവര്‍ക്കും ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവരുടെ പങ്കാളിക്ക് ജോലി ചെയ്യാനുള്ള തടസവും  കുടുംബത്തെ കൊണ്ടുവരാന്‍ ഉണ്ടായിരുന്ന കാലതാമസവും പുതിയ നിയമത്തോടെ നീക്കം ചെയ്യും. ജോലി തേടി അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാര്‍ക്കൊപ്പം തന്നെ അവരുടെ പങ്കാളിക്കും, മക്കള്‍ക്കും അയര്‍ലണ്ടില്‍ എത്താനാവും. പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഉണ്ടായിരുന്ന എല്ലാ തടസവും ഇതോടെ സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുകയാണ്. അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഷെഫുമാരെയും, കണ്‍സ്ട്രക്ഷന്‍ വിദഗ്ധരെയും ആകര്‍ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്‌സ് വാഹന ഡ്രൈവര്‍മാര്‍ക്ക് 200 പെര്‍മിറ്റുകളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച കരിയര്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന നഴ്സുമാരുടെ പങ്കാളികൾക്ക് അയര്‍ലണ്ടിലെ പൊതു തൊഴില്‍ മേഖലയില്‍ നിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്നത് ഏറെ നേട്ടമാകും. മലയാളിയായ പറവൂര്‍ സ്വദേശി ഷാല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പ്രത്യേക കാമ്പയിന്റെ പരിണിത ഫലം കൂടിയാണ് ഇപ്പോഴത്തെ നിയമമാറ്റം. അത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നിയമ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലേക്ക് ഏറ്റവും കൂടുതല്‍ നഴ്സുമാര്‍ എത്തുന്നതും ഇന്ത്യയില്‍ നിന്നാണ്.

Top