ശബരിമല: ചരിത്രവിധിക്ക് ഒരാണ്ട്..!! ഹർജികളിൽ സുപ്രീം കോടതി തീരുമാനം അടുത്ത മാസം

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധിയ്ക്ക് ഇന്ന് ഒരു വയസ്. വിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ കേരള സർക്കാരും ഇതിനെതിരെ പാരമ്പര്യവാദികൾ ഉയർത്തിയ പ്രതിഷേധങ്ങളും സംസ്ഥാനത്തുണ്ടാക്കിയ നാടകീയ സംഭവങ്ങളുടെ അലയൊലികൾക്ക് ഇന്നും അവസാനമായിട്ടില്ല.

വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അറുപത്തിയഞ്ചോളം ഹർജികളിലെ തീരുമാനത്തിന് കാതോർത്തിരിക്കുകയാണ് രാജ്യം.  56 പുനഃപരിശോധന ഹർജികളിലും കോടതി അലക്ഷ്യ ഹർജികളിലും സുപ്രീം കോടതി അടുത്തമാസം തീരുമാനമെടുക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികളിൽ വാദം കേട്ടത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാടാകും ശബരിമല വിഷയത്തിൽ ഇനി നിർണായകമാകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസ് ആർ.എഫ് നരിമാൻ, ജസ്റ്റിസ് എ.എം ഖാൻവിൽകർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17നു വിരമിക്കുമെന്നതിനാൽ അതിന് മുമ്പ് ഹർജികളിൽ വിധി പറയും.

2006ൽ ശബരിമലയിലെ സ്ത്രീ പ്രവേശനം ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി ഭക്തി പസ്രീജ സേത്തി, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കാന്‍ നിയമപിന്‍ബലം നല്‍കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹർജിയുമായി സുപ്രീം കോടതിയിലെത്തി. ഇതിൽ സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി, സുപ്രീം കോടതി സർക്കാരിനോട് അഭിപ്രായം തേടി.

2007നവംബർ13ന് വി.എസ്.അച്യുതാനന്ദൻ സർക്കാർ സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടുമായി സത്യവാങ്മൂലം സമർപ്പിച്ചു. 2016-ലാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ കേസ് എത്തിയത്. പിന്നീടു വന്ന യു.ഡി.എഫ് സർക്കാർ ഈ സത്യവാങ്മൂലം പിൻവലിച്ച് സ്ത്രീപ്രവേശനത്തെ എതിർത്ത് പുതിയത് നൽകി.

അമിക്കസ്‌ക്യൂറിയെവെച്ച് കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു. പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിന്മേലുള്ള കടന്നുകയറ്റമെന്ന് അമിക്കസ്‌ക്യൂറി റിപ്പോർട്ട് നൽകി. സംഭവവികാസങ്ങൾക്കൊടുവിൽ 2018 സെപ്തംബർ 28ന് യുവതീ പ്രവേശനം അനുവദിച്ച് കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.

Top