വീണ്ടും കേരളം ലോകത്തിനുമുന്നിൽ മാതൃക !!ജീവവായു മുടങ്ങില്ല, കൈയടിച്ച് ലോകം. 79 ടൺ ഉപഭോഗം.. കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 204 ടൺ ലിക്വിഡ് ഓക്സിജൻ

തിരുവനന്തപുരം: വീണ്ടും കേരളം ലോകത്തിന് മാതൃകയാവുകയാണ് . രാജ്യത്ത് ഓക്‌സിജൻ മിച്ചമുള്ള ഏക സംസ്ഥാനമായി മാറി കേരളം. മഹാമാരിയിൽ ഉത്തരേന്ത്യ പ്രാണവായു കിട്ടാതെ പിടയുന്ന വേളയിലാണ് കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് മാതൃക കാണിക്കുന്നത്. രോഗികൾ വർധിച്ചാലും ദിവസങ്ങളോളം ഉപയോഗിക്കാനുള്ള ഓക്‌സിജൻ ശേഖരം നിലവില്‍ കേരളത്തിന്റെ കൈവശമുണ്ട്. 204 ടൺ ലിക്വിഡ് ഓക്സിജനാണ് കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. 79 ടൺ മാത്രമാണ് ഉപഭോഗം. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിന് 74 ടണ്ണും കർണാടകക്ക് 30 ടണ്ണും ദിനംപ്രതി അയക്കുന്നു. ഗോവയ്ക്കും ഓക്‌സിജൻ നൽകി. ഡൽഹിയിലേക്ക് അയക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ഉപഭോഗത്തിനുള്ളത് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ മറ്റിടങ്ങളിലേക്ക് ഓക്‌സിജൻ നൽകുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

കോവിഡിന്റെ ആദ്യതരംഗം മുതൽ തന്നെ കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ കേരളത്തിന് സഹായകരമായത്. എല്ലാ മെഡിക്കൽ കോളജുകളിലും സർക്കാർ രണ്ട് ലിക്വിഡ് ഓക്‌സിജൻ ടാങ്കൊരുക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുതിയ ഓക്‌സിജൻ പ്ലാന്റ് ഏപ്രിൽ 30ന് അകം കമ്മിഷൻ ചെയ്യുന്നുമുണ്ട്. സർക്കാർ ആശുപത്രികളിൽ പ്രതിദിനം ഒന്നര മെട്രിക് ടണ്ണും പൊതുമേഖലാ സ്ഥാപനങ്ങളിൽ 168 മെട്രിക് ടണ്ണും ഓക്‌സിജൻ നിലവിൽ ഉത്പാദിപ്പിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിദിനം 147 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള കഞ്ചിക്കോട് ഐനോക്സ്, ഏഴ് മെട്രിക് ടൺ ഉത്പാദനശേഷിയുള്ളകേരള ചവറ മിനറൽസ് ആൻഡ് മെറ്റൽസ്, 5.45 മെട്രിക്ടൺ ഉത്പാദനശേഷിയുള്ള കൊച്ചിൻ ഷിപ്യാർഡ്, 0.322 മെട്രിക്ടൺ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് കേരളത്തിലെ പ്രധാന ഓക്സിജൻ ഉൽപ്പാദകർ. ഇതിന് പുറമേ, 11 എയർ സെപ്പറേഷൻ യൂണിറ്റുകൾ പ്രതിദിനം ഏതാണ്ട് 44 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. നാലു മെട്രിക് ടൺ ശേഷിയുള്ള എഎസ്യു ഈമാസം പാലക്കാട് കമ്മിഷൻ ചെയ്യുന്നുമുണ്ട്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ വിതരണത്തിന്റെ ഉത്തരവാദിത്വം.

Top