കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിർണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു .നാല് എംഎല്‍എമാരെ കളത്തിലിറക്കാന്‍ നീക്കം.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസിൽ ചർച്ചകൾ തുടരുകയാണ് .സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയിലാവും നടക്കുക. കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്ന് നടത്തിയ ചര്‍ച്ചയിലാണ് സാധ്യത പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായത്.മല്‍സരത്തിനില്ലെന്ന നിലപാടെടുത്ത കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കും.

എറണാകുളം, പത്തനംതിട്ട സീറ്റുകളില്‍ സിറ്റിംഗ് എം പിമാരുടെ പേരുകള്‍ക്കൊപ്പം മറ്റ് പേരുകള്‍ കൂടി നിര്‍ദേശിച്ചതാണ് സാധ്യത പട്ടികയിലെ പ്രധാനമാറ്റം. എറണാകുളത്ത് കെ വി തോമസിനൊപ്പം എംഎല്‍എ ഹൈബി ഈഡന്റേയും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കൊപ്പം പി ജെ കുര്യന്റേയും പേരുകള്‍ പരിഗണിക്കുന്നുണ്ട് . ഉമ്മന്‍ചാണ്ടി മല്‍സരിക്കാന്‍ തയാറായാല്‍ പത്തനംതിട്ടയോ ഇടുക്കിയോ നല്‍കാനും നീക്കമുണ്ട് .

സംഘടന ചുമതല ഉള്ളതിനാല്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്. എന്നാല്‍ ആലപ്പുഴയില്‍ ശക്തമായ മല്‍സരം നടക്കുമെന്നതിനാല്‍ കെസി വേണുഗോപാല്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കെ സി വേണുഗോപാല്‍ ഇല്ലെങ്കില്‍ വിഎം സുധീരനെ പരിഗണിച്ചേക്കും. മല്‍സരത്തിനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി തുടരുന്നുണ്ടെങ്കിലും ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ അദ്ദേഹവും രംഗത്തിറങ്ങും. മുല്ലപ്പള്ളി ഇല്ലെങ്കില്‍ ടി.സിദ്ധീഖ്, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ പരിഗണിക്കുമ്പോള്‍ ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്. ,തൃശൂരില്‍ വിഎം സുധീരന്‍,ടി എന്‍ പ്രതാപന്‍ എന്നിവരെ പരിഗണിക്കുന്നു. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനൊപ്പം പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും പട്ടികയിലുണ്ട്.

ആലത്തൂരില്‍ രമ്യ ഹരിദാസ്, കെഎ തുളസി, സുനില്‍ ലാലൂര്‍ എന്നിവരുടെ പേരുകളാണ് ഉള്‍പ്പെടുത്തിയത് എന്നാണ് സൂചന. കാസര്‍കോഡ് സുബ്ബയ്യ റായ്, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കാണ് സാധ്യത. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെ കൂടാതെ ഡീന്‍ കുര്യാക്കോസ് ,ജോസഫ് വാഴയ്ക്കന്‍ പട്ടികയിലുണ്ട്. കണ്ണൂരില്‍ കെ സുധാകരന്റെ പേരാണ് പരിഗണിക്കുന്നത്. വയനാട് സീറ്റിലേക്ക് ഷാനിമോള്‍ ഉസ്മാനൊപ്പം ടി.സിദ്ധീഖിനേയും പാര്‍ട്ടി പരിഗണിക്കുന്നു. വനിതാ സ്ഥാനാര്‍ത്ഥികളായി ഷാനിമോള്‍ ഉസ്മാനും രമ്യാ ഹരിദാസും കെഎ തുളസിയുമാണ് ഇപ്പോള്‍ പട്ടികയിലുള്ളത്.

ഇപ്പോള്‍ തയ്യാറാക്കിയ സാധ്യത പട്ടികയുമായി നേതാക്കള്‍ നാളെ ഡല്‍ഹിക്ക് പോകും. തിങ്കളാഴ്ചത്തെ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് പട്ടിക കൈമാറും.15ാം തിയതിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. പട്ടികയില്‍ യുവാക്കളും വനിതകളും വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന പക്ഷം അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയറിയാന്‍ ഹൈക്കമാന്‍ഡ് സ്വന്തം നിലയില്‍ നടത്തിയ സര്‍വേയുടെ ഫലവും അന്തിമപട്ടികയെ സ്വാധീനിച്ചേക്കും.

ഫൈനലിൽ എത്തുന്നവർ

രുവനന്തപുരം: ശശി തരൂർ
ആറ്റിങ്ങൽ :അടൂർ പ്രകാശ്
മാവേലിക്കര :കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ: കെ സി വേണുഗോപാൽ
പത്തനംതിട്ട :ആന്റോ ആന്റണി
ഇടുക്കി: ഉമ്മൻചാണ്ടി
എറണാകുളം :ഹൈബി ഈഡൻ
ചാലക്കുടി: ബെന്നി ബെഹന്നാൻ, ടി എന്‍ പ്രതാപന്‍
തൃശൂർ: ടി എൻ പ്രതാപൻ,
ആലത്തൂർ: രമ്യ ഹരിദാസ്, കെഎ തുളസി, സുനില്‍ ലാലൂര്‍
പാലക്കാട് :ഷാഫി പറമ്പിൽ/ വി.കെ.ശ്രീകണ്ഠൻ
കോഴിക്കോട്: എം കെ രാഘവൻ
വയനാട്: ഷാനിമോൾ ഉസ്മാൻ
കണ്ണൂർ: കെ സുധാകരൻ
വടകര: എ പി അബ്ദുള്ളക്കുട്ടി
കാസറഗോഡ് :സുബ്ബയ്യ റായ്, എ പി അബ്ദുള്ളക്കുട്ടി

Top