സെൽഫി കൊള്ളില്ല എന്ന് പറഞ്ഞാൽ തകർന്നു പോകുന്ന ആളാണ് താൻ!ചക്കിയെന്ന മാളവിക സിനിമയിലേക്കില്ല; മാളവിക ജയറാം പറയുന്നു

അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളില്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റില്‍സ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.


സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് മാളവിക ജയറാം. മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും ചൂട് പിടിച്ചിരുന്നു. എന്നാൽ ഇതിൽ അനുകൂലമായ ഒരു സമീപനം മാളവിക സ്വീകരിച്ചിട്ടില്ല.


അഭിനയ മേഖലയിൽ ഇല്ലെങ്കിലും ഫാഷൻ മോഡലിംഗ് രംഗത്ത് മാളവിക സജീവമാണ്. മിലൻ ബ്രാന്‍ഡിന്റെ ബനാറസി കലക്‌ഷൻ അവതരിപ്പിച്ചാണ് മാളവിക മോഡലിങ്ങിനു തുടക്കം കുറിച്ചത്. അമ്മ പാർവതിയാണ് തന്റെ ഫാഷൻ ഐക്കൺ എന്ന് മാളവിക പറയുന്നു. അമ്മയാണ് ഇപ്പോഴും മാളവികക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും.


സിനിമയല്ല എന്റെ ലക്ഷ്യം. എല്ലാവരും കരുതുന്നത്, ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ, അങ്ങനെയല്ല. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചെറുപ്പം മുതൽ കണ്ടു വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്. ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടിങ് ഈസ് നോട്ട് മൈ പാഷൻ.’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം.


സിനിമയിലേക്ക് കടന്നു വരാൻ മാളവിക വിമുഖത കാട്ടുന്നതിന് പിന്നിൽ മറ്റു ചില കാരണങ്ങൾകൂടിയുണ്ട്. ‘സിനിമ എന്നെ ഒരിക്കൽ പോലും മോഹിപ്പിച്ചിട്ടില്ല. അപ്പയും കണ്ണനുമൊക്കെ ഓരോ സിനിമ ചെയ്യാനും എടുക്കുന്ന കഷ്ടപ്പാടുകൾ എനിക്ക് നന്നായി അറിയാം.

എന്നാൽ ആളുകൾ ഒറ്റവാക്കിൽ മോശം എന്നുപറഞ്ഞ് ആ അധ്വാനത്തെ മുഴുവൻ തകർത്തു കളയും. എനിക്കത് അംഗീകാരിക്കാൻ പറ്റില്ല. എന്നെ അത് തകർത്തു കളയും. സെൽഫി കൊള്ളില്ല എന്ന് പറഞ്ഞാൽ തകർന്നു പോകുന്ന ആളാണ് താൻ.’ മാളവിക പറയുന്നു.

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ് ജയറാം ബാലതാരമായി പ്രേക്ഷക ഹൃദയം കവർന്നു, തുടര്‍ന്ന് ‘പൂമരം’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ സിനിമ പ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകർക്ക് ഇപ്പോൾ ആകാംക്ഷ.

Top