ആരുടെയും ഔദാര്യം വേണ്ട; പൂഞ്ഞാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാർ: പിസി ജോർജ്ജ്.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പിസി ജോർജ്ജ് എം.എൽ.എ.. ഏത് മുന്നണിക്കൊപ്പം എന്ന കാര്യത്തിൽ 11-ന് നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനമാകുമെന്നും ജോർജ്ജ് പറഞ്ഞു. യുഡിഎഫ് പ്രവേശനത്തിന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ടെങ്കിൽ അവഗണിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് മുന്നണിക്കൊപ്പം ചേരുമെന്ന കാര്യം 11-ാം തീയതി നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫിന് ഒപ്പം ചേരുന്നതിൽ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിക്കുന്നെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേർത്തു. പിസി ജോര്‍ജിന്റെ യു.ഡി.എഫ് മുന്നണി പ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തുവന്നതിന് പിന്നാലെയാണ് പി.സി ജോർജിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങൾ ആവശ്യപ്പെടും. പൂഞ്ഞാറിൽ ഇനിയും ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണ്. അതിന് ആരുടേയും ഔദാര്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ടല്ലോ എന്ന ചോദ്യത്തിന്, അവരോട് പോകാൻ പറ എന്നായിരുന്നു പിസി ജോർജ്ജിന്റെ പ്രതികരണം.

പിസി ജോർജ്ജിനെ മുന്നണിയിലെടുത്താൽ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നാണ് ഈരാറ്റുപേട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ നഗരസഭാ അധ്യക്ഷനുമായ നിസാർ കുർബാനി വ്യക്തമാക്കി. പിസി ജോർജ്ജിന്റെ മുസ്ലിം വിരുദ്ധ പരാമർശം അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റിക്കു കീഴിൽ വരുന്ന ആറ് മണ്ഡലം കമ്മിറ്റികൾ പിസി ജോർജ്ജിനെ മുന്നണിയിൽ എടുക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.ഇതോടെ പി.സി ജോർജിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്.

Top