പി സി ജോര്‍ജ്ജ് യുഡിഎഫിലേക്ക്? ജോർജിന് എ ഗ്രൂപ്പിന്റെ പച്ചക്കൊടി.

കൊച്ചി:പി സി ജോര്‍ജ്ജ് യുഡിഎഫിലേക്കെന്നു സൂചന .ജോസ് കെ മാണി യുഡിഎഫ് വിടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ആ വിടവ് നികത്താൻ പി സി ജോർജിനെ മുന്നണിയിൽ എത്തിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നു എന്നാണ് റിപ്പോർട്ട് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പിസി ജോര്‍ജ്ജുമായുള്ള സഹകരണത്തിന് പച്ചക്കൊടി കാട്ടിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു പോകുന്ന സാഹചര്യത്തില്‍ പൂഞ്ഞാറിലും പത്തനംതിട്ടയിലുമുളള പിസി ജോര്‍ജ്ജിന്റെ സ്വാധീനം ഉപയോഗിക്കാനാണ് യുഡിഎഫ് നീക്കം. തനിക്ക് ഏറെ മേല്‍ക്കൈയ്യുള്ള പൂഞ്ഞാറിനൊപ്പം മറ്റൊരു സീറ്റ് കൂടി യുഡിഎഫിന്റെ ഭാഗമായി തരപ്പെടുത്തുക പിസി ജോര്‍ജ്ജ് ലക്ഷ്യമിടുന്നുണ്ട്.

അതേസമയം പിസി യുടെ യുഡിഎഫ് പ്രവേശനത്തിന് ഏറ്റവും പ്രതിസന്ധി എ ഗ്രൂപ്പിന്റെ എതിര്‍പ്പാണ്. മുന്നണിയില്‍ എടുത്താലും മന്ത്രി സ്ഥാനം നല്‍കുന്നതിനോടും പൂഞ്ഞാര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുന്നതിനോടും എ ഗ്രൂപ്പിന് എതിര്‍പ്പുണ്ട്. എന്നാല്‍ പൂഞ്ഞാറിന് പുറമേ മറ്റൊരു മണ്ഡലം കൂടി യുഡിഎഫില്‍ നിന്നും തരപ്പെടുത്താന്‍ പി സി ജോര്‍ജ്ജ് ആഗ്രഹിക്കുന്നുണ്ട്. ഇനി മത്സരിച്ചാല്‍ ഏഴു തവണ ജയിച്ച പൂഞ്ഞാറില്‍ നിന്നും മാറി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കണം എന്നാണ് പി സി പറയുന്നത്. പൂഞ്ഞാര്‍ മണ്ഡലം മകന്‍ ഷോണ്‍ ജോര്‍ജ്ജിനായി ഒഴിയുകയാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പൂഞ്ഞാറിന് പുറമേ മറ്റൊരു മണ്ഡലം കൂടി ചോദിക്കും എന്നതാണ് എ ഗ്രൂപ്പിന് പ്രതിഷേധമാകുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ കരുത്തരായ ഐ ഗ്രൂപ്പിന് പിസി യെ ഒപ്പം കൂട്ടുന്നതിനോട് താല്‍പ്പര്യമുണ്ട്.

അടുത്ത തവണ ഭരണം കിട്ടിയാല്‍ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി കസേരയ്ക്കുള്ള അവകാശ വാദത്തില്‍ പിസി യുടെ കൂടി പിന്തുണ കിട്ടുമെന്ന് അവര്‍ കരുതുന്നു. കേരളാകോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് ജനപക്ഷം പാര്‍ട്ടി ഉണ്ടാക്കിയ പിസി ജോര്‍ജ്ജ് പക്ഷേ ഇതുവരെ ഒരു മുന്നണിയിലും ഇടം പിടിച്ചിട്ടില്ല. യുഡിഎഫിന്റെ ഭാഗമാകാന്‍ പിസി ജോര്‍ജ്ജ് ജോസഫ് വിഭാഗത്തിന്റെ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാനാണ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലൂം ഇതിനോട് താല്‍പ്പര്യമില്ല. ജനപക്ഷമായി തന്നെ യുഡിഎഫില്‍ നില്‍ക്കാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെയോ യുഡിഎഫിന്റെയോ പിന്തുണ ഇല്ലാതെയാണ് പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് വന്‍ വിജയം നേടിയത്. തനിയെ ജയിച്ചത് യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ തിരിച്ചടിയായിരുന്നു. യുഡിഎഫ് പ്രവേശനത്തിന് പ്രതിബന്ധങ്ങള്‍ ഏറെയാണെങ്കിലും താന്‍ ഒരിക്കലും ഇടതുപക്ഷത്തേക്ക് പോകില്ലെന്ന നിലപാടാണ് പി സി ജോര്‍ജ്ജ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലെ പി സി യുടെ നിലപാട് യുഡിഎഫിനേട് അടുക്കുന്നു എന്ന സൂചനയായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ പിണറായി വിരുദ്ധ വികാരം അലയടിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ഇടതുമുന്നണിക്കും ബിജെപിയ്ക്കും എതിരായി രൂക്ഷ വിമര്‍ശനം നടത്തുന്ന പിസി ജോര്‍ജ്ജ് യുഡിഎഫിനെതിരേയുള്ള അഭിപ്രായങ്ങള്‍ മയപ്പെടുത്തിയിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി താന്‍ ഒരു മുന്നണിയില്‍ കാണുമെന്നാണ് പിസി ജോര്‍ജ്ജ് നേരത്തേ പറഞ്ഞത്്. രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി വിശദമായ ചര്‍ച്ച നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക ബില്ലിനെതിരേ പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം തന്നെ എന്‍ഡിഎ വിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന പി സി യെ മുന്നണിയില്‍ ഉള്‍ക്കൊള്ളിക്കാതെ പുറത്തു നിര്‍ത്തിയുള്ള ഒരു സഹകരണമാണ് യുഡിഎഫ് ആലോചിക്കുന്നത്. എന്‍ഡിഎ വിട്ടതോടെ യുഡിഎഫ് പ്രവേശനത്തിന്റെ സാധ്യത തേടുന്ന പിസി ജോര്‍ജ്ജ് നേതാക്കളുമായി ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകളും മറ്റും നടത്തുന്നുണ്ട്. ഇതിന്റെ ആദ്യ നീക്കമായി പഞ്ചായത്ത്, ജില്ലാ, ബ്‌ളോക്ക് തലങ്ങളിലെ തെരഞ്ഞെടുപ്പില്‍ ധാരണയാകാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

അതേസമയം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിലുള്ള സി.പി.ഐ നിലപാട് രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കും. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച്, സ്ഥാനമാനങ്ങൾ രാജിവച്ചെത്തിയാൽ ജോസ് കെ. മാണിയെ സ്വീകരിക്കാൻ സി.പി.ഐ സമ്മതം മൂളിയേക്കും. സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളും മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങളും എക്സിക്യൂട്ടീവ് ചർച്ചചെയ്യും.

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം ചർച്ചയായ ആദ്യഘട്ടം മുതൽക്കെ കടുത്ത എതിർപ്പാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയത്. എന്നാൽ കാനത്തെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കൾ നേരിട്ട് രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനവുമായി ചർച്ച നടത്തി. അസ്വാരസ്യമുണ്ടാക്കി മുന്നണി വിപുലീകരണം ആഗ്രഹിക്കുന്നില്ലെന്നും സി.പി.എം നേതാക്കൾ പരസ്യ നിലപാടെടുത്തു. സി.പി.എം നേതാക്കളുമായുള്ള ചർച്ചയ്ക്കു പിന്നാലെ കാനത്തിൻ്റെ നിലപാടിൽ അയവു വന്നതായാണ് സൂചന. എങ്കിലും ജോസ് കെ മാണിയെ കൂടെക്കൂട്ടാൻ സിപിഐ ചില നിബന്ധനകൾ മുന്നോട്ടു വച്ചേക്കും. രാജ്യസഭാ, ലോക്സഭാ അംഗത്വങ്ങൾ ഉൾപ്പെടെ യുഡിഎഫിനൊപ്പം നിന്ന് നേടിയതെല്ലാം രാജിവയ്ക്കണമെന്നതാകും അതിൽ പ്രധാനം.

Top