ലീജിയന്‍ ഹാക്കര്‍മാര്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്നതോ ?രാഹുല്‍ ഗാന്ധി മോശം നേതാവ് .. മോദി നല്ല മനുഷ്യന്‍, ഡിജിറ്റല്‍ ഇന്ത്യ നടപ്പാക്കുന്ന ബിജെപി ഉഗ്രന്‍ പാര്‍ട്ടി; രാഹുലിനും ചാനലില്‍ അലറിവിളിക്കുന്ന ബര്‍ക്കദത്തിനും പണികൊടുത്തത് മനപ്പൂര്‍വം;രാജ്യത്തെ തട്ടിപ്പുകളുടെ കഥ ഉടന്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി:ലീജിയന്‍ ഹാക്കര്‍മാര്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്നവരാണെന്ന ആരോപണം ഉയരുന്നു. ബിജെപി നല്ല പാര്‍ട്ടിയാണെന്നും നരേന്ദ്ര മോദി നല്ല മനുഷ്യനാണെന്നും വ്യക്തമാക്കി അടുത്തിടെ വാര്‍ത്തകളില്‍ ഇടംനേടിയ ഹാക്കര്‍ ഗ്രൂപ്പ് ലീജിയണ്‍ രംഗത്തു വന്നതാണ് ഈ ആരോപണത്തിന് ആധാരം . ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയിലെ സെര്‍വറില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിച്ചതായും ഇക്കാര്യങ്ങള്‍ പുറത്തുവിട്ടാല്‍ രാജ്യത്ത് വന്‍ കലാപമുണ്ടാക്കുമെന്നും വ്യക്തമാക്കിയ ഇന്റര്‍നെറ്റ് നുഴഞ്ഞുകയറ്റ ഗ്രൂപ്പാണ് ലീജിയണ്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത ഗ്രൂപ്പ് ഇപ്പോള്‍ ബിജെപിയേയും മോദിയെയും പുകഴ്‌ത്തി സംസാരിക്കുന്നത് .ഇതോടെ ഇവര്‍ ബിജെപി സ്‌പോണ്‍സേഡ് ചാരപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട ഹാക്കര്‍ സംഘമാണെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

ഇന്ന് ദി ക്വിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ അസോസിയേറ്റ് എഡിറ്റര്‍ പൂനം അഗര്‍വാളിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ മോദിയെയും ബിജെയെയും പ്രകീര്‍ത്തിച്ചത്. ഡിജിറ്റല്‍ ഇന്ത്യയെന്ന പദ്ധതി നടപ്പാക്കുന്ന മോദിയും ബിജെപിയും നല്ലവരാണെന്നായിരുന്നു ഹാക്കര്‍ പ്രതികരിച്ചത്. അതേസമയം, നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പണം നല്‍കുന്നത് ബിജെപിയാണോ എന്ന ചോദ്യത്തിന് അല്ലെന്നും ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നുമായിരുന്നു ലീജിയന്‍ പ്രതിനിധിയുടെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴുമിനിറ്റ് നീണ്ട സംസാരത്തിനിടെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി ലീജിയന്‍ പ്രതിനിധി സംസാരിച്ചത്. തങ്ങളെപ്പറ്റി വിവരങ്ങള്‍ നല്‍കാതെയായിരുന്നു സംസാരം. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയും അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്ത ജൂലിയന്‍ അസാന്‍ജിന്റെ വിക്കി ലീക്‌സിന് സമാനമായ രീതിയില്‍ ഇന്ത്യയിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി രംഗത്തുവരാന്‍ ഒരുങ്ങുന്ന ഹാക്കര്‍മാരുടെ സംഘമാണ് ലീജിയന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പ്രതിനിധി ആദ്യമായാണ് ഫോണിലൂടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

പരസ്പരം പരിചയപ്പെടുത്തിയ ശേഷം പേരു വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് സംഭാഷണം ആരംഭിക്കുന്നത്. സംഘത്തില്‍ മൂന്നുപേരാണുള്ളതെന്നും വ്യക്തമാക്കുന്നു. ഇന്ത്യക്കാരാണോ എന്ന ചോദ്യത്തിന്, അതില്‍ കാര്യമില്ലെന്നായിരുന്നു മറുപടി. ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ രാജ്യത്തെ തെറ്റായി ചിത്രീകരിക്കുന്നതായും അതിനാലാണ് മാദ്ധ്യമങ്ങളെ ലക്ഷ്യമിടുന്നതെന്നും ഹാക്കര്‍ വ്യക്തമാക്കി. വെറുതെ രാഷ്ട്രീയക്കാരെ പുകഴ്‌ത്തുകയാണ്. അവരും ശരിയല്ല.അങ്ങനെയെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ഗാന്ധിയുടേയും ചില മാദ്ധ്യമപ്രവര്‍ത്തകരുടേയും മാത്രം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു എന്നും ബിജെപിയിലെ ആരുടേയും അക്കൗണ്ടുകള്‍ എന്തുകൊണ്ട് ഹാക്ക് ചെയ്തില്ലെന്നുമുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ: ബിജെപി പ്രശ്‌നമില്ല, ബിജെപി നല്ല പാര്‍ട്ടിയാണ്. അവരാണ് ഡിജിറ്റല്‍ ഇന്ത്യ കൊണ്ടുവരുന്നത്. മാത്രമല്ല, അത് നല്ലൊരു ഫ്ളാറ്റ്‌ഫോമാണെന്നും അവര്‍ അത് നല്ലകാര്യങ്ങള്‍ക്കായാണ് ചെയ്യുന്നതെന്നും ഹാക്കര്‍ വിലയിരുത്തുന്നു.
അതേസമയം രാഹുല്‍ഗാന്ധിയെപ്പറ്റി മോശം പരാമര്‍ശങ്ങളാണ് ഹാക്കര്‍ നടത്തുന്നത്. ബിജെപിക്കാര്‍ നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്നും രാഹുല്‍ ഒരു നല്ല രാഷ്ട്രീയക്കാരനല്ലെന്നും അവര്‍ സ്വന്തം പബ്ളിസിറ്റിക്കു വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ആണ് പ്രതികരണം.

ചിലരുടെ മെയിലുകളില്‍ നിറയെ ഡാറ്റകള്‍ ഉണ്ട്. അവരെയാണ് ലക്ഷ്യമിടുന്നത്. രാഹുല്‍ എന്തുകൊണ്ടാണ് മോശക്കാരനാണെന്ന് പറയുന്നതെന്നും എന്തു ഡാറ്റയെ പറ്റിയാണ് നിങ്ങള്‍ പറയുന്നതെന്നുമുള്ള ചോദ്യത്തിന് ഞങ്ങള്‍ക്ക് അത്തരം നിരവധി ഡാറ്റകള്‍ കിട്ടിയിട്ടുണ്ടെന്നം വൈകാതെ അത് പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ലീജിയന്‍ വക്താവിന്റെ പ്രതികരണം. legionഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്തിന്റെയും രാവിഷ് കുമാറിന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത് അവര്‍ മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നതുകൊണ്ടാണ്്. അവര്‍ നല്ലവരല്ല. അവര്‍ ടിവിയിലും മറ്റും വെറുതെ ബഹളമുണ്ടാക്കുന്നവരാണ്. ഒരു ലോജിക്കുമില്ലാതെ കാര്യങ്ങള്‍ പറയുന്നവരാണവര്‍. – ഹാക്കര്‍ പറയുന്നു.
മറ്റു പലരും ടിവിയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഇന്ത്യയില്‍ ഡിജിറ്റല്‍ ഇന്ത്യപോലെ ചില കാര്യങ്ങള്‍ നല്ലൊരു ഫ്ളാറ്റ്‌ഫോം ഉണ്ടാക്കുന്നുണ്ട്. പലരും ടിവിയില്‍ ഡിജിറ്റല്‍ ഇന്ത്യക്കെതിരെ ബഹളമുണ്ടാക്കുകയാണ്. മോദി നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിനെതിരെയും ഡിജിറ്റല്‍ ഇന്ത്യപോലെയുള്ള നല്ല കാര്യങ്ങള്‍ക്കെതിരെയും ബഹളമുണ്ടാക്കിയതിനാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. – ഹാക്കര്‍ പറയുന്നു.
നിങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ബിജെപിയാണെന്ന സംസാരമുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നും ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമോ ഇടപാടുകളോ ഇല്ലെന്നുമായിരുന്നു മറുപടി. തങ്ങള്‍ ലോകം മുഴുവന്‍ നല്ല രാജ്യങ്ങള്‍ ഉണ്ടാകണമെന്ന് ആണ് ആഗ്രഹിക്കുന്നതെന്നും ലീജിയന്‍ വക്താവ് പറയുന്നു.rahul-modi

ഞങ്ങള്‍ക്ക് പണത്തിനുവേണ്ടിയാണെങ്കില്‍ ആരുടെയും അക്കൗണ്ട് ഹാക്ക് ചെയ്യാം. അതുകൊണ്ട് പണം ഒരു കാര്യമല്ല. ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഞങ്ങള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നുണ്ട് ലീജിയണ്‍ പ്രതിനിധി വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, വിവാദ വ്യവസായി വിജയ് മല്യ, എന്‍ഡിടിവിയുടെ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ക്കദത്ത്, രവീഷ്‌കുമാര്‍ എന്നിവരുടേയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ കടന്നുകയറിയതോടെയാണ് ദിവസങ്ങള്‍ക്കുമുമ്പ് ലീജിയണ്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

കഴിഞ്ഞദിവസം വാഷിങ്ടണ്‍ പോസ്റ്റുമായും ഇന്ത്യന്‍ വെബ്‌സൈറ്റായ ഫാക്ടര്‍ ഡെയ്‌ലിയുമായും നടത്തിയ എന്‍ക്രിപ്റ്റഡ് മെസഞ്ചര്‍ വഴിയുള്ള ചാറ്റിങ് അഭിമുഖത്തില്‍ ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി വെളിപ്പെടുത്തിയപ്പോഴായിരുന്നു അപ്പോളോ ആശുപത്രിയിലെ വിവരങ്ങള്‍ ചോര്‍ത്തിയതായും ഞെട്ടിക്കുന്ന വിവരങ്ങളാണ് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും വ്യക്തമാക്കിയത്. രാജ്യത്തെ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നീക്കം നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ 40,000 സെര്‍വര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തെന്നും ഇവയില്‍ നിര്‍ണായകമായ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയ ചാറ്റ് അഭിമുഖങ്ങളില്‍ ഇവര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.ഇവ ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഇന്നലെ വാര്‍ത്തയാക്കിയിരുന്നു.hacker-legion

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ അഴിമതി ആരോപണം ഉന്നയിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് രാഹുലിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. വിജയ് മല്യയാകട്ടെ നരേന്ദ്ര മോദിയുടെ കറന്‍സി നിരോധനത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരാണ് ബര്‍ക്ക ദത്തും, രവീഷ്‌കുമാറും.

ഇത്തരത്തില്‍ കേന്ദ്രത്തിനും ബിജെപിക്കും എതിരെ നിലകൊള്ളുന്നവരെ ലീജിയന്‍ ലക്ഷ്യമിട്ടതോടെ ഇവര്‍ ബിജെപി സ്‌പോണ്‍സേഡ് ഹാക്കര്‍ സംഘമാണെന്ന പ്രചാരണം ശക്തമാണ്. ഇന്നത്തെ അഭിമുഖത്തിലും ബിജെപിയെയും മോദിയെയും പുകഴ്‌ത്തിയും രാഹുലിനും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രോഷാകുലനായും ലീജിയന്‍ പ്രതിനിധി സംസാരിച്ചതോടെ ഈ ആരോപണം കൂടുതല്‍ ശക്തിപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

 

Top