കേസില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന് വിഐപി പറയട്ടെ; വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായ്ക്കു പങ്കുണ്ടോയെന്ന് ‘വിഐപി’ പറയട്ടേയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയും. വിസ്താര സമയത്ത് ഇക്കാര്യം വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് സുനിയുടെ പ്രതികരണമെന്നും ശ്രദ്ധേയമാണ്.അതിനിടെ, വിയ്യൂര്‍ ജയിലില്‍നിന്നു കാക്കനാട്ടെ ജയിലിലേക്കു തന്നെ മാറ്റണമെന്നും സുനി കോടതിയില്‍ ആവശ്യപ്പെട്ടു. വിയ്യൂര്‍ ജയിലില്‍ വേണ്ടത്ര സൗകര്യമില്ലെന്നും സുനി അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി 22 വരെ നീട്ടിയിട്ടുണ്ട്. ജാമ്യാപേക്ഷയും ജയില്‍ മാറ്റ അപേക്ഷയും കോടതി 14നു പരിഗണിക്കും.

Top