കോഴിക്കോട് : പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് നേതൃത്വത്തിന്റെ അംഗീകാരം. അന്‍വറിനെ മുസ്ലിംലീഗ് നേതാക്കളും കൈവിട്ടു.
ഇതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ അര്‍ത്ഥത്തിലും പിവി അന്‍വര്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ് . തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം ഉടന്‍ പ്രഖ്യാപിക്കില്ല. സജി മഞ്ഞക്കടമ്പലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് അന്‍വറിന്റെ നീക്കം. നിലമ്പൂരില്‍ മത്സരിച്ചു തോറ്റുവെന്ന പേരുദോഷം ഒഴിവാക്കാനാണ് ഇത്. അതിനിടെ ഒരു പകല്‍കൂടി കാത്തിരിക്കുമെന്ന് അന്‍വര്‍ അറയിച്ചു. യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് ഇന്ന് ഒരു പ്രഖ്യാപനം നടത്താതിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.
അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ യുഡിഎഫിനു ദോഷം വരില്ലെന്ന വിഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാടിനാണ് അംഗീകാരം. അന്‍വറിനടുത്ത് പോയി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ എല്ലാം എല്ലാം കൂടി ആലോചന നടത്തി. സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിക്കുകയാരുന്നു.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്. യോഗത്തിനുശേഷം മത്സരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും.
യുഡിഎഫിന്റെ പൂര്‍ണ്ണ ഘടകകക്ഷിയാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. പൂര്‍ണ്ണ ഘടകകക്ഷി എന്ന ആവശ്യം യുഡിഎഫ് അംഗീകരിക്കില്ലെന്നാണ് ടിഎംസി വിലയിരുത്തല്‍. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് 7:00 മണിക്ക് ഓണ്‍ലൈനായി ചേരും. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ആദ്യം പിന്തുണ പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് അന്‍വറിനു മുന്നില്‍ വെച്ച ഉപാധി.
പിവി അന്‍വര്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചു. 9 മണിക്ക് വീട്ടില്‍ വച്ച് മാധ്യമങ്ങളെ കാണും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ നിലപാട് പ്രഖ്യാപിക്കും. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന ടിഎംസി സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചിരുന്നു.
അതേസമയം ഇന്ന് രാവിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ആ പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ അന്‍വര്‍, ‘യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ല’ എന്നും അറിയിച്ചു. എന്നാല്‍ യുഡിഎഫിലെ പ്രമുഖരൊന്നും അന്‍വറിനെ ബന്ധപ്പെട്ടിട്ടില്ല.
ഇന്നു രാവിലേയും അന്‍വറിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തു വന്നു. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചാല്‍ മാത്രമേ അന്‍വറുമായി സഹകരണത്തിനുള്ളൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്. പരസ്യമായി ഷൗക്കത്തിനെ പിന്തുണയ്ക്കണം. അന്‍വറില്ലെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. അതിനിടെ മത്സരിക്കാനുള്ള താല്‍പ്പര്യക്കുറവ് സജി മഞ്ഞകടമ്പിലും അന്‍വറിനെ അറിയിച്ചു. നേരത്തെ ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയായി മുന്‍ കെപിസിസി സെക്രട്ടറി എന്‍കെ സുധീര്‍ മത്സരിച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും സുധീറിനെ വലിയ രാഷ്ട്രീയ നഷ്ടമായി മാറി ആ മത്സരം. ഈ സാഹചര്യം സജി മഞ്ഞകടമ്പിലും തിരിച്ചറിയുന്നുണ്ട്.
പി.വി. അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചാല്‍ അവിടെ വച്ച് കാണാമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചിട്ടുണ്ട്. വി.ഡി. സതീശനെയും ആര്യാടന്‍ ഷൗക്കത്തിനെയും വിമര്‍ശിക്കുന്ന അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന് ഇനിയും പുനര്‍ ചിന്തനമുണ്ടാവാം, സാമാന്യ മര്യാദ വച്ച് അന്‍വര്‍ പെരുമാറണമെന്നും ആ മര്യാദ ലംഘിച്ചാല്‍ പ്രതികരിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. പി.വി അന്‍വറുമായി ഇനി താന്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയാണ് മൂന്ന് ദിവസം അനുരഞ്ജന ചര്‍ച്ച നടത്തിയത്. അന്‍വര്‍ വിഷയം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും ബിജെപി സിപിഎം വോട്ടുകച്ചവടം നടക്കില്ലെന്നും രമേശ് പ്രതികരിച്ചു. ഇന്നലെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്‍വര്‍ മത്സരിക്കണമെന്ന വികാരമാണ് ഉണ്ടായത്. പക്ഷേ അതിന് അന്‍വറിന് താല്‍പ്പര്യക്കുറവണ്ട്.










