ധിക്കാരിയാണ് രാഹുല്‍ ഗാന്ധി !പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുലിനോട് ബഹുമാനവുമില്ല :ശര്‍മ

ന്യൂഡല്‍ഹി :റാഹുല്‍ ഗാന്ധി ഒരു ധിക്കാരിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മാര്‍ഥമായ സ്നേഹമുണ്ടെങ്കിലും രാഹുലിനോട് ഒരു ബഹുമാനവുമില്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ഹിമന്ത ബിസ്‍വ ശര്‍മ പറഞ്ഞു.
രാഹുലിന്റെ നയങ്ങളോട് യോജിച്ചുപോകാന്‍ കഴിയില്ല. അതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. ഏഴോ എട്ടോ തവണ രാഹുലുമായി സംസാരിച്ചിട്ടുണ്ട്. ധിക്കാരിയാണ് രാഹുല്‍. എല്ലാ കാര്യങ്ങളെയും കുറിച്ച് തനിക്കെല്ലാമറിയാമെന്ന ഭാവമാണ്. അതിനാല്‍ തന്നെ രാഹുലിന്റെ തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ട സ്ഥിതിയാണുള്ളതെന്നും ശര്‍മ ആരോപിച്ചു. നിലവില്‍ ബിജെപിക്കുള്ളില്‍ അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുകയാണ് ശര്‍മ.

2006 ല്‍ മൗലാന ബദ്രുദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള വര്‍ഗീയ സംഘടനയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) കോണ്‍ഗ്രസ് കൈകോര്‍ക്കാന്‍ തയാറെടുക്കുന്നതായി വാര്‍ത്തകള്‍ പരന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങുമായി ഞാന്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ഒരിക്കലും എഐയുഡിഎഫുമായി ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ അവരുമായി സൗഹൃദം സ്ഥാപിച്ചു. ഇതിനോട് തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും ശര്‍മ പറഞ്ഞു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കുള്ളില്‍ ദൈവത്തെപ്പോലെ അഭിനയിക്കുകയാണെന്നും പറഞ്ഞു. സംസ്ഥാന നേതാക്കള്‍ക്കിടയിലുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് എങ്ങനെയെന്നു രാഹുലിന് അറിയില്ലെന്നും കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന ശര്‍മ ഒരു പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇതു വ്യക്തമാക്കിയത് .

Top