വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ? ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്ഷ്യം,നരേന്ദ്ര മോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്‌

കണ്ണൂർ :2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്‌ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്‌ഷ്യം വെക്കുന്ന ക്ലാസിക്ക് പോരാട്ടത്തിന് ശക്തി പകരാനാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്തിനു തയ്യാറെടുക്കുന്നത് . രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്‌സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആലോചനയുമുണ്ട് . കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ പാര്‍ലമെന്റ്‌ മണ്ഡലമാണ്‌ വയനാട്‌. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഈ സംസ്‌ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാനാകുമെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുവഴി ദക്ഷിണേന്ത്യ പിടിക്കാന്‍ കഴിയും.

ദക്ഷിണേന്ത്യ പിടിച്ചാല്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്നാണു പാര്‍ട്ടി കരുതുന്നത്‌. ദക്ഷിണേന്ത്യ ഒപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു ഭരണത്തിലേറാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതിനിടെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണത്തിന്‌ വിശ്വാസ്യത പകര്‍ന്ന്‌ രാഹുല്‍ ഗാന്ധി ബുധനാഴ്‌ച കേരളത്തിലെ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റുമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിക്കുമെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അശോക്‌ ഗലോട്ടിന്റെ മെസേജ്‌ എല്ലാ ബ്ലോക്ക്‌ പ്രസിഡന്റുമാര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റിനും കാസര്‍ഗോഡ്‌ ബ്ലോക്ക്‌ പ്രസിഡന്റിനും മാത്രമാണ്‌ കഴിഞ്ഞ ദിവസം രാഹുലുമായി ഫോണില്‍ സംസാരിക്കാനായത്‌. കേരളത്തിലെ തെരഞ്ഞെടുപ്പ്‌ വിഷയങ്ങളാണു രാഹുല്‍ ചര്‍ച്ച ചെയ്‌തത്‌. നേരത്തെ ഇന്ദിരാഗാന്ധി ആന്ധ്രായിലെ ചിക്കമംഗ്ലൂരില്‍നിന്നും മേടക്കില്‍നിന്നും പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സോണിയാ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന്‌ സുഷമാ സ്വരാജിനെ പരാജയപ്പെടുത്തി പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം 20, തമിഴ്‌നാട്‌ 39, കര്‍ണാടക 28 ആന്ധ്രാപ്രദേശ്‌ 25, തെലങ്കാന 17, ഗോവ 2 പോണ്ടിച്ചേരിയും ലക്ഷദ്വീപും ഒരോന്നു വീതം എന്നിങ്ങനെ 133 സീറ്റാണ്‌ ദക്ഷിണേന്ത്യയില്‍ ആകയെുളളത്‌. ഇതില്‍ ആന്ധ്രയില്‍മാത്രമാണ്‌ കോണ്‍ഗ്രസ്‌ വലിയ ഭീഷണി നേരിടുന്നത്‌. ഉമ്മന്‍ ചാണ്ടി ആന്ധ്രായുടെ ചുമതലയേറ്റതോടെ ചെറിയ നേട്ടമെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെന്നാണ്‌ പാര്‍ട്ടിയുടെ പ്രതീക്ഷ. തമിഴ്‌നാട്ടിലെ ഡി.എം.കെ. സഖ്യവും കര്‍ണാടകയിലെ ജനതാദള്‍ സഖ്യവും ഇരു സംസ്‌ഥാനങ്ങളും അപ്രതീക്ഷിത നേട്ടത്തിന്‌ കാരണമാകുമെന്നാണ്‌ പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരളത്തില്‍ കോണ്‍ഗ്രസ്‌ മുന്നണിക്ക്‌ 15 സീറ്റാണ്‌ പ്രതീക്ഷ. എന്നാല്‍ ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കാനുളള ശ്രമത്തില്‍ കേരളത്തിലെ 20 സീറ്റും ഗുണമാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്‌. കോണ്‍ഗ്രസിന്‌ തനിച്ച്‌ 60 സീറ്റും മുന്നണിയിലൂടെ 100 സീറ്റുമാണ്‌ ദക്ഷിണേന്ത്യയില്‍നിന്ന്‌ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്‌. ഇത്‌ യാഥാര്‍ഥ്യമായാല്‍ ഭരണം ഉറപ്പിക്കാനാകുമെന്നാണ്‌ പാര്‍ട്ടിയുടെ പ്രതീക്ഷ.

Top