കണ്ണൂർ :കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി . മലവെള്ളപ്പാച്ചിലില്‍ ഈട്ടിയായാലും തേക്കായാലും കടപുഴകിപോകുമെന്നും സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നിയമസഭാ സീറ്റിൽ മത്സരിക്കുമെന്ന് ഉറച്ചു നില്‍ക്കുകയാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി . എന്നാല്‍, സുധാകരന് വഴങ്ങില്ലെന്ന് നിലപാടിലാണ് കെപിസിസി നേതൃത്വവും.എല്‍ഡിഎഫിനെതിരെ വിധിയെഴുതാന്‍ കാത്തുനില്‍ക്കുന്ന ഒരു ജനസമൂഹത്തിനു മുന്‍പില്‍ സ്ഥാനാര്‍ഥിയുടെ പാരമ്പര്യവും പൈതൃകവും സൗന്ദര്യവും ഒന്നും ഒരു വിഷയമേ അല്ല എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ എംപിമാരുടെയും ഉത്തരവാദിത്തം അവരവരുടെ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെ പരമാവധി വോട്ടുകള്‍ നേടിയെടുത്ത് വിജയിപ്പിക്കുക എന്നുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കാര്യം വളരെ നേരത്തെ നിങ്ങളോട് പരസ്യമായി പ്രഖ്യാപിച്ചതാണ്. എല്ലാ എംപിമാരുടെയും ദൗത്യം യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്നതാണ്.
ഞങ്ങളെ എംപിമാരാക്കാന്‍ കഷ്ടപ്പെട്ട ആളുകളാണ് ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അപ്പോള്‍ അവരെ എംഎല്‍എമാരാക്കുക എന്നുള്ള ദൗത്യം ഏറ്റെടുത്ത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എംപിമാരുടെ ഉത്തരവാദിത്വം. കോണ്‍ഗ്രസിന്റെ കമ്മിറ്റി കൂടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലെയും സ്ഥാനാര്‍ഥി പട്ടികയെ സംബന്ധിച്ചിടത്തോളം വളരെ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമമായ പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കാം. അതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ പിന്നെ സ്വാഭാവികമായി ആ പ്രഖ്യാപനത്തിന് അനുസൃതമായ ആ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്നുള്ള ഉത്തരവാദിത്വം ഏറ്റെടുക്കും.- അദ്ദേഹം പറഞ്ഞു.
സുധാകരന്റെ നിലപാടില്‍ ഒരു കാരണവശാലും പാര്‍ട്ടി പ്രതിരോധത്തിലല്ലയെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രോസസ് നടന്നുകൊണ്ടിരിക്കയാണ്. ആ പ്രോസസ് അന്തിമമായി നമ്മുടെ സിഇസി കൂടി കേരളത്തിലെ കോണ്‍ഗ്രസ് പട്ടിക പ്രസിദ്ധീകരിക്കുന്നവരെ ആര്‍ക്കുവേണമെങ്കിലും അവരുടെ വാദഗതികളുമായി മുന്നോട്ടുപോകാം. സീറ്റിനു വേണ്ടി ശ്രമിക്കാം. പക്ഷേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമമായ ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ കേരളത്തിലെ ഒരു എംപിയും അതിനെതിരെ നില്‍ക്കുമെന്ന പ്രതീക്ഷ എനിക്കില്ല.
കാരണം എല്ലാവരും കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളുന്ന ആളുകളാണ്. എല്ലാവരുടെയും സിരകളില്‍ കൂടി ഒഴുകുന്ന രക്തം കോണ്‍ഗ്രസിന്റേതാണ്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി ഒരു എംപിയും പ്രവര്‍ത്തിക്കില്ല. കാരണം കേരളത്തിലെ പൊതുജന സമൂഹം ഈ ഗവണ്‍മെന്റ് മാറി യുഡിഎഫിന്റെ നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ് വരണമെന്ന് ആഗ്രഹിക്കുമ്പോള്‍ ആ ജനവികാരത്തിന് എതിരായി നില്‍ക്കാന്‍ ഒരു എംപിയും തയ്യാറാവില്ല – അദ്ദേഹം പറഞ്ഞു.










