വഴിയാത്രക്കാരിയായ യുവതിയെ പത്തടി താഴ്ച്ചയുള്ള വയലിലേയ്ക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തു; മൂന്ന്‌പേര്‍ പിടിയില്‍

തിരുവനന്തപുരം: വഴിയാത്രക്കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോലി കഴിഞ്ഞ് പോയ യുവതിയെ മാനഭംഗപ്പെടുത്തിയത്.

യുവതിക്കുനേരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. അരുണും വിപിനും ചേര്‍ന്നാണ് രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന സമയത്തായിരുന്നു ആക്രമണം. വഴിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന സംഘം കടന്നുപിടിക്കുകയും പത്തടിയോളം താഴ്ചയുള്ള വയലിലേക്ക് തള്ളിയിട്ട ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.

വീട്ടമ്മയുടെ കരച്ചില്‍ കേട്ട് വഴിയാത്രക്കാരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിപിനെ വഴിയാത്രക്കാര്‍ തന്നെ കയ്യോടെ പിടികൂടി. എന്നാല്‍ ഓടി രക്ഷപെട്ട അരുണ്‍, സുഹൃത്തായ വിജീഷിന്റെ വീട്ടില്‍ ഒളിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിന് വിജീഷിനെയും നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുണും വിപിനും മുന്‍പ് കഞ്ചാവ് കടത്ത് കേസിലടക്കം അറസ്റ്റിലായിട്ടുള്ളവരും സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നവരുമാണ്. പീഡനത്തിന് ഇരയായ വീട്ടമ്മ ചികിത്സയിലാണ്.

Top