ഡോക്ടര്‍ വയറില്‍ തൊട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ അറസ്റ്റ് ചെയ്തു

arrest

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ നമ്മുടെ ശരീരഭാഗങ്ങളില്‍ തൊട്ടാല്‍ പോലും പീഡനമാണെന്ന് പറയുന്ന കാലമാണോ ഇത്. അങ്ങനെയൊന്നാണ് കോഴിക്കോട് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയര്‍ തൊട്ടതിലാണ് ഡോക്ടര്‍ പി.വി. നാരായണന്‍ അറസ്റ്റിലായത്. എന്താണ് സംഭവത്തിന്റെ സത്യാവസ്ഥ?

കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ആ ഡോക്ടര്‍ നിരപരാധിയാണെന്ന വാദം സജീവമാകുകയാണ്. നിരപരാധിയാണെന്ന വാദവുമയായി സഹ ഡോക്ടര്‍മാര്‍ രംഗത്ത് വന്നു. ഡോക്ടര്‍ നാരായണന് ജാമ്യം കിട്ടിയതോടെയാണ് ഈ അഭിപ്രായങ്ങള്‍ സജീവമാകുന്നത്. കുന്നത്ത്പാലം തുഷാരം വീട്ടിലെ ഡോ. പി.വി. നാരായണനെ കഴിഞ്ഞ ആഴ്ചയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. +1 വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം.

പനിക്ക് ചികിത്സ തേടിയത്തെിയ പെണ്‍കുട്ടിയെ ഡോക്ടര്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വിവരം പെണ്‍കുട്ടി സ്‌കൂള്‍ അദ്ധ്യാപകരോട് പറയുകയും ചൈല്‍ഡ്ലൈന്‍ വഴി പരാതി നല്‍കുകയുമായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ് എടുത്തത് . പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറുടെ അറസ്റ്റ് ഈ മാസം 17 നാണ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനിടയിലാണ് ഡോക്ടര്‍ നിരപരാധിയാണെന്ന വാദം സജീവമാകുന്നത്.

നടന്ന സംഭവം ഇങ്ങനെയെന്നാണ് സഹ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ച പി.വി. നാരായണന്‍ സ്വകാര്യ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ചികിത്സയ്ക്കായി എത്തിയ പതിനാറുകാരിയെ അവളുടെ അച്ഛന്റേയും അയല്‍വാസിയുടേയും സാന്നിദ്ധ്യത്തില്‍ വയറില്‍ സ്പര്‍ശിച്ചുകൊണ്ട് ഡോക്ടര്‍ പരിശോധിക്കുന്നു. ഈ സമയം അമ്പതോളം പേര്‍ ക്ലിനിക്കിലുണ്ടായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ പരാതി പ്രകാരം പീഡന ശ്രമത്തിന് പൊലീസ് കേസെടുക്കുന്നു. സമാരാദ്ധ്യനായ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നു. പത്രങ്ങളും മാദ്ധ്യമങ്ങളും ചിത്രം സഹിതം ഡോക്ടറുടെ അറസ്റ്റ് ആഘോഷിച്ചുവെന്നാണ് പരാതി.

ഡോക്ടറുടെ പരിശോധന നടന്ന് നാലുദിവസത്തിനു ശേഷം കുട്ടിയുടെ സ്‌കൂളില്‍ ലൈംഗിക അതിക്രമങ്ങളെ കുറിച്ചു ക്ലാസ്സ് നടന്നു. കഴുത്തിന് താഴെയും കാല്‍മുട്ടിനു മുകളിലേയും ശരീരഭാഗങ്ങളില്‍ ആരെങ്കിലും തൊട്ടാല്‍ പീഡനമായി കണക്കാക്കണമെന്ന് അദ്ധ്യാപകര്‍ ചൂണ്ടികാണിച്ചു. അപ്പോഴാണ് പെണ്‍കുട്ടി തന്റെ വയറില്‍ തൊട്ട് ഡോക്ടര്‍ പരിശോധിച്ച കാര്യം അദ്ധ്യാപകരോട് പറഞ്ഞത് . ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി അദ്ധ്യാപകര്‍ ചാടിപ്പുറപ്പെടുകയായിരുന്നു. വിവരം ചൈല്‍ഡ് പ്രവര്‍ത്തകരെ അറിയിച്ചു . അവര്‍ പൊലീസിലുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടറുടെ വിശദീകരണം കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഡോക്ടര്‍മാരുടെ സാധാരണ പരിശോധനാരീതികളിലൊന്നാണ് വയറിലെ പരിശോധന. അതുതന്നെയാണ് വയോധികനായ ഡോക്ടര്‍ ഇവിടെ സ്വീകരിച്ചതും.

ഇതിനെ പീഡനമായി ചിത്രീകരിച്ചാല്‍ ഡോക്ടര്‍ പണി തന്നെ അസാധ്യമാകുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. നാരായണന്റെ അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം വ്യാപകമാക്കുകയാണ് ഡോക്ടര്‍മാര്‍. ഇതുമായി ബന്ധപ്പെട്ട ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇങ്ങനെ കേസെടുത്താല്‍ എങ്ങനെ ചികില്‍സിക്കുമെന്ന ചോദ്യമാണ് ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ക്കെതിരെ ഇതിന് മുമ്പ് ആരും പരാതികള്‍ ഉയര്‍ത്തിയിട്ടില്ല. ജനകീയ ഡോക്ടറെന്ന പേരുമെടുത്തു. എന്നിട്ടും ഇതൊന്നും പൊലീസ് പരിശോധിച്ചില്ലെന്നാണ് പരാതി.

ഒടുവില്‍ അതൊരു വ്യാജ ആരോപണമാണെന്ന് തെളിഞ്ഞുവ്രേത.വന്ദ്യവയോധികനായ സീനിയര്‍ ഡോക്ടര്‍ നിരപരാധിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു. മാദ്ധ്യമവേതാളങ്ങള്‍ അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നു.ഇനിയേതെങ്കിലും പത്താം പേജിലെ അനാഥമൂലയില്‍ സൂക്ഷ്മാക്ഷരങ്ങളായി സത്യാവസ്ഥ മരിച്ചു കിടന്നാല്‍ അത്ഭുതപെടേണ്ട.കഥയിങ്ങനെ: പതിനാറുകാരിയെ അവളുടെ അമ്മയുടെ സാന്നിദ്ധ്യത്തില്‍ വയറില്‍ സ്പര്‍ശിച്ചുകൊണ്ട് ഡോക്ടര്‍ പരിശോധിക്കുന്നു.നാല് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ പരാതി പ്രകാരം പീഡന ശ്രമത്തിന് ചൈല്‍ഡ് ഹെല്‍ത്ത് സമിതി സ്വമേധയാ കേസെടുക്കുന്നു.

സമാരാദ്ധ്യനായ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നു.പത്രങ്ങള്‍ സചിത്രം ആഘോഷിക്കുന്നു. ഇപ്പോള്‍ നിജസ്ഥിതി പുറത്ത് വന്നിരിക്കുന്നു.ലൈംഗിക അതിക്രമങ്ങളെ കുറിച്ചു സ്‌കൂളില്‍ നടന്ന കല്‍സില്‍ കഴുത്തിന് താഴെയും കാല്‍മുട്ടിനു മുകളിലേയും സ്പര്‍ശങ്ങളെ പീഡനമായി കണക്കാക്കണമെന്ന് അദ്ധ്യാപകര്‍ ചൂണ്ടികാണിച്ചപ്പോള്‍ പെണ്‍കുട്ടി തന്റെ ശരീരത്തില്‍ ഡോക്ടര്‍ പരിശോധിച്ചതിനെ കുറിച്ച് പരാതി പറഞ്ഞതാണ് സംഭവമെന്ന് വിശദീകരിക്കുന്ന പോസ്റ്റുകളാണ് ചര്‍ച്ചയാകുന്നത്.

ഉടന്‍ പെറ്റ കാളക്ക് കയറ് അന്വേഷിച്ചു ചെറ്റകള്‍. ഡോക്ടര്‍ അനുഭവിച്ച മാനസിക സംഘര്‍ഷംചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും.തെറ്റ് തെളിയുന്നതിന് മുമ്പ് ശിക്ഷ വിധിക്കാനൊരുങ്ങുന്ന നരഭോജികള്‍ ഇപ്പോള്‍ ആരുടെയെങ്കിലും രക്തം ഊറ്റികുടിക്കുന്ന തിരക്കിലാകുമെന്നും മാദ്ധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ച് പോസ്റ്റുകളില്‍ പറയുന്നു.

Top