പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കുമായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് സച്ചിന്‍-ഭവ്യ ദമ്പതികള്‍

കൊച്ചി: കാന്‍സറിനെ വെല്ലുവിളിച്ച് വിവാഹിതരയാവരാണ് സച്ചിനും ഭവ്യയും. തന്റെ പ്രണയിനിക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞിട്ടും കൈവിടാന്‍ സച്ചിന്‍ ഒരുക്കമായിരുന്നില്ല. ജീവനു തുല്യം സ്‌നേഹിച്ച അവളെ സച്ചിന്‍ സ്വന്തമാക്കിയപ്പോള്‍ മലയാളികള്‍ ഏവരും അഭിനന്ദിച്ചു. ഇപ്പോള്‍ തങ്ങളെ അനുഗ്രഹിച്ച് തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഡോക്ടേഴ്സ് പങ്കുവച്ച പോസിറ്റീവ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് സച്ചിന്‍ തന്നെയാണ്. ഭവ്യയുടെ ശരീരത്തില്‍ നിന്ന് കാന്‍സര്‍ പിടിവിട്ടു തുടങ്ങിയതിന്റെ സൂചനകള്‍ ഡോക്ടര്‍മാര്‍ നല്‍കിയെന്ന് സച്ചിന്‍ കുറിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം.

സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റിവാണെന്ന് ഡോക്ടര്‍ അറിയിച്ചു മരുന്നുകളെക്കാള്‍ ഫലിച്ചത് നിങ്ങള്‍ ഒരോരുതരുടെയും പ്രാര്‍ത്ഥനയാണെന്ന് സാരം ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന് സ്‌നേഹിച്ചതിന് ,ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷന്‍ തയ്യാറാവാന്‍ ഡോക്ടര്‍ അറിയിച്ചിട്ടുണ്ട് എല്ലാം നല്ല രീതിയില്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക.

ഇരുവരും പ്രണയബന്ധത്തിലായ സമയത്തായിരുന്നു ഭവ്യയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഭവ്യയെ ഉപേക്ഷിക്കാന്‍ സച്ചിന്‍ തയ്യാറല്ലായിരുന്നു. രോഗത്തെ അതിജീവിക്കാന്‍ ഭവ്യയെ മാനസികമായി തയ്യാറെടുപ്പിച്ച് സച്ചിന്‍ ഒപ്പം നിന്നു. അവള്‍ക്കായി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സച്ചിന്‍ ജോലിക്കിറങ്ങി. ചികിത്സയുടെ ആദ്യ ഘട്ടങ്ങളില്‍ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. കീമോ ചികിത്സ പുരോഗമിക്കുന്നതിനിടെ ഭവ്യയുടെ കഴുത്തില്‍ സച്ചിന്‍ താലി ചാര്‍ത്തി. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഇവരുടെ പ്രണയവും വിവാഹവും പുറം ലോകം അറിഞ്ഞത്.

Top