തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ ചുട്ടമറുപടിയുമായി സാനിയ

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരറാണി സാനിയ മിര്‍സ സോഷ്യല്‍ മീഡിയയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന വ്യക്തിയാണ്. പാക് ക്രിക്കറ്റ് താരം ഷുഐബ് മാലികിനെ വിവാഹം കഴിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ താരം വീണ്ടും ശ്രദ്ധയാകര്‍ഷിച്ചു. അധികം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന സാനിയ അമ്മയാകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതോടെ വാചാലയായി. ഗര്‍ഭകാലത്തെ കുറിച്ചുള്ള തന്റെ അനുഭവങ്ങളും കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ആകാംക്ഷകളും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

ഇതോടെ ആരാധകരും ഇന്ത്യ-പാക് താരങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കുഞ്ഞിന് ജന്മം നല്‍കുന്നതോടെ അതുവരെയുണ്ടായിരുന്ന എല്ലാം ഇല്ലാതാകുമെന്ന പൊതു കാഴ്ചപ്പാടിനെതിരെ സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു താരം. ആരാധകര്‍ക്കൊപ്പം ഈ ദിനങ്ങളിലെ എല്ലാ സന്തോഷവും പങ്കുവെച്ച സാനിയ ബേബി ഷവറിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

എന്നാല്‍, താരം പങ്കവെച്ച ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശന ശരങഅങള്‍ പെയ്യുകയായിരുന്നു. സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്. ഗര്‍ഭധാരണത്തിന്റെ സമയത്ത് സ്ത്രീകളുടെ ശരീര ഭാരം കൂടാറുണ്ട്. ഇത് കണക്കിലെടുത്ത് വസ്ത്രധാരണം അതിന് അനുയോജ്യമായ വിധത്തില്‍ ആകണമെന്നാണ് പലരും സാനിയയെ ഉപദേശിക്കുന്നത്. ബേബി ഷവറിന്റെ ചിത്രങ്ങളില്‍ അശ്ലീലം കണ്ടെത്തിയവരോട് രോഷാകുലയായിരിക്കുകയാണ് ടെന്നീസ് താരം.

നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ലെ വന്നത്? സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ല. ഗര്‍ഭവതികളായിരിക്കുന്ന വേളയിലും അവര്‍ സാധാരണ മനുഷ്യരാണ്. അവര്‍ക്കും സാധാരണ ജീവിതം നയിക്കണമെന്ന് സാനിയ പറഞ്ഞു. ഗര്‍ഭിണികളെന്നാല്‍ ഒമ്പത് മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്ന് എടുത്തു പറഞ്ഞാണ് സാനിയയുടെ വിമര്‍ശനം.

ട്വിറ്ററിലൂടെയുള്ള ഉപദേശങ്ങളും വിമര്‍ശനങ്ങളും അരോചകമായി തുടങ്ങിയപ്പോഴാണ് സാനിയ ഇതിനെതിരെ പ്രതികരിച്ച് ട്വിറ്ററില്‍ തന്നെ രംഗത്തെത്തിയത്. സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ളയാള്‍ വസ്ത്രധാരണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം.ബേബി ഷവറിനായി സാനിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വളരെ അരോചകമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

എന്നാല്‍ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ട്രോളുമായി ഇറങ്ങുന്നവര്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് താരത്തിന്റെ മുഖമടച്ചുളള മറുപടി. ഭര്‍ത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് സാനിയ പുറത്തു വിട്ടിരുന്നത്. ചിത്രങ്ങളില്‍ ഏറെ സന്തോഷവതിയാണ് സാനിയ.

Top