എനിക്ക് കുഞ്ഞിനെ പോലെ ഉറങ്ങേണ്ട മാലിക്കിനെ പോലെ ഉറങ്ങിയാല്‍ മതി; ഭര്‍ത്താവിനെ ട്രോളി സാനിയ മിര്‍സ

പുതു വര്‍ഷം പിറന്നപ്പോള്‍ മകന്‍ ഇസ്ഹാനെ നല്‍കിയതിന് നന്ദി പറയുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ 2018നോട്. ഇസ്ഹാനും ഭര്‍ത്താവ് ഷുഐബ് മാലിക്കിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു സാനിയ. 2018നോട് വിടപറയുന്നതിനിടെ സാനിയ പക്ഷേ ഷുഐബിനെ നൈസായി ട്രോളുന്നുമുണ്ട്. ഇസ്ഹാനെ പുന്നാരിക്കുന്ന സാനിയയും അടുത്ത് കിടന്ന് ഉറങ്ങുന്ന മാലിക്കുമാണ് സാനിയ ഷെയര്‍ ചെയ്ത ഫോട്ടോയിലുള്ളത്. ഈ വര്‍ഷം തനിക്കുള്ള ആഗ്രഹവും സാനിയ പറയുന്നു.

അടുത്ത് ഉറങ്ങി കിടക്കുന്ന ഷുഐബിനെ ട്രോളിയാണ് അതെന്ന് മാത്രം. അടുത്ത വര്‍ഷം എനിക്ക് കുട്ടിയെ പോലെ ഉറങ്ങേണ്ട, മാലിക്കിനെ പോലെ ഉറങ്ങിയാല്‍ മതിയെന്നാണ് സാനിയ പറയുന്നത്. ഫോട്ടോയും അതിന് സാനിയ നല്‍കിയ കമന്റും ആരാധകരില്‍ കൗതുകം നിറയ്ക്കുകയാണ്. അടുത്തിടെയായിരുന്നു ഇസ്ഹാന്റെ മുഖം സാനിയ പുറത്തുവിട്ടത്.

ദൃഷ്ടി ദോഷത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും, അടുത്തെങ്ങും അവന്റെ മുഖം പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാനിയ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് മാസം പിന്നിട്ടപ്പോള്‍ ഇസ്ഹാന്റെ മുഖം ആരാധകര്‍ക്ക് മുന്നിലേക്കെത്തി. ഒക്ടോബറിലായിരുന്നു സാനിയയ്ക്കും ഷുഐബിനും ആദ്യ കുഞ്ഞ് ജനിച്ചത്.

Top