ഹമാരാ പാകിസ്താന്‍ സിന്ദാബാദ് എന്ന് ഷുഐബ് മാലിക്; വിമര്‍ശനവുമായി ബിജെപി; സാനിയ മറുപടി പറയണമെന്ന് സോഷ്യല്‍ മീഡിയ

പാകിസ്താന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഐബ് മാലികിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ‘ഹമാരാ പാകിസ്താന്‍ സിന്ദാബാദ്’ എന്ന് ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് ഷുഐബിനെതിരെ രോഷമുയര്‍ന്നത്. ഇതിനെതിരെ ബിജെപി എംഎല്‍എയും രംഗത്ത് വന്നു. ഷുഐബ് ഇന്ത്യക്കെതിരെ സംസാരിക്കുകയാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ രാജാ സിങാണ് രംഗത്തെത്തിയത്. ഷുഐബിനെ ഹൈദരാബാദില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തി.

ഷുഐബിന്റെ ട്വീറ്റിന് ഭാര്യ സാനിയ മിര്‍സ മറുപടി പറയണമെന്നും ട്വിറ്ററില്‍ ആവശ്യമുയര്‍ന്നു. ഹൈദരാബാദിലെത്തിയാല്‍ ഷുഐബിനെ കൈകാര്യം ചെയ്യുമെന്നും ചിലര്‍ പറയുന്നു. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് സാനിയയെ പുറത്താക്കണമെന്ന് ബിജെപി എംഎല്‍എ രാജ സിങ് ആവശ്യപ്പെട്ടത്. ”പാകിസ്താനെതിരെയും ഭീകരവാദത്തിനെതിരെയും ഇന്ത്യ മുഴുവന്‍ നിലകൊള്ളുകയാണ്. ഒരുതരത്തിലും അവരെ ന്യായീകരിക്കാനാകില്ല. ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നയാള്‍ക്കൊപ്പം കഴിയുന്ന സാനിയയെ അംബാസിഡര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണം.

പകരം സൈന നെഹ്‌വാളിനെയോ പി വി സിന്ധുവിനെയോ മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണിനെയോ പ്രസ്തുത സ്ഥാനത്ത് നിയമിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ നേരത്തെ രംഗത്തെത്തിയിരുന്നു. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടിയാണ് വിയര്‍പ്പൊഴുക്കി കളിച്ചതെന്നും പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ് താനെന്നുമായിരുന്നു സാനിയയുടെ പ്രതികരണം.

Top