സ്കൂൾ വിദ്യാര്‍ഥിനി മാതാപിതാക്കളുമായി പിണങ്ങി ; ഒരേ ബസിൽ ഏഴുതവണ സഞ്ചരിച്ച കുട്ടിക്ക് ഒടുവിൽ സംഭവിച്ചത് വൻ ദുരിതം

 

തമിഴ്‌നാട്ടിലെ സേലത്ത് ബസില്‍ 14 കാരി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഡ്രൈവര്‍മാരായ സന്ന്യാസിഗുണ്ടിലെ മണിവണ്ണന്‍ (33), അധികാരിപ്പട്ടിയിലെ മുരുകന്‍ (35), കണ്ടക്ടര്‍ വാഴപ്പാടി മുത്തംപട്ടിയിലെ പെരുമാള്‍ (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിപ്പോന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് ബസില്‍ കയറുന്നത്. ഏഴു മണിക്കൂറോളം കുട്ടി ബസില്‍ കഴിച്ചു കൂട്ടി. അതിനിടെ ബസ് നിരവധി തവണ സേലത്തു നിന്ന് ഓമല്ലൂരിലേക്കും തിരിച്ചും ട്രിപ്പ് നടത്തിയിരുന്നു.

അവസാനത്തെ ട്രിപ്പിന് ശേഷം ജീവനക്കാര്‍ ബസ് ഓമല്ലൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായി ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങരുതെന്ന് പറഞ്ഞ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി മൊഴി നല്‍കിയതായി പോലിസ് എന്‍ഡിടിവിയോട് പറഞ്ഞു. അവസാനത്തെയാള്‍ പീഡിപ്പിക്കുന്നതിനിടെ കുട്ടി ബഹളംവെച്ചു. ഇത് കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മൂവരെയും പിടികൂടി പോലിസിലേല്‍പിക്കുകയും ചെയ്തു. കുട്ടി ആശുപത്രയില്‍ ചികിത്സയിലാണ്. ദളിത് വിഭാഗത്തില്‍ പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ കൂലിത്തൊഴിലാളികളാണ്. ഇതിനു മുന്‍പും കുട്ടി രക്ഷിതാക്കളോട് പിണങ്ങി വീടു വിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top