രാജിവെക്കണമെന്ന് സെപ് ബ്ലാറ്ററിനോട് സ്പോണ്‍സര്‍മാരും;സമ്മര്‍ദ്ദം ഏറുന്നു

ലണ്ടന്‍:അഴിമതി ആരോപണങ്ങളില്‍ പെട്ട  ഫിഫ മേധാവി സെപ് ബ്ലാറ്റര്‍ക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഏറുന്നു. അദ്ദേഹം സ്ഥാനം ഒഴിയണമെന്ന് പ്രധാന സ്‌പോണ്‍സര്‍മാരായ  കൊക്കക്കോള, മക്‌ഡൊണാള്‍ഡ്, വീസ, ബഡ് വൈസര്‍ എന്നീ മുന്‍നിര കമ്പനികളാണ് എത്രയും പെട്ടെന്ന് സ്ഥാനമൊഴിയാന്‍ ബ്ലാറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബ്ലാറ്റര്‍ പ്രതികരിച്ചു.

 

ഫുട്ബാളിന്‍െറ നല്ല മുഖം തിരിച്ചുപിടിക്കാന്‍ സെപ് ബ്ലാറ്റര്‍ രാജിവെക്കണമെന്ന് കൊക്ക കോള പ്രസ്താവനയില്‍ പറഞ്ഞു. ബ്ലാറ്റര്‍ പടിയിറങ്ങിയാലെ സുസ്ഥിരവും വിശ്വാസയോഗ്യവുമായ പരിഷ്കാരം ഫിഫയില്‍ കൊണ്ടുവരാന്‍ സാധിക്കൂ. രാജി വൈകുന്തോറും ഫീഫയുടെ പ്രതിച്ഛായയും നഷ്ടപ്പെടുകയാണ്. സ്വതന്ത്രമായ സമീപനത്തിലൂടെ മാത്രമേ ഫീഫയില്‍ പരിഷ്കാരങ്ങള്‍ സാധ്യമാകൂ എന്നും കൊക്ക കോള പറഞ്ഞു.

സാമ്പത്തിക സേവന കമ്പനിയായ വീസയും ആവശ്യപ്പെടുന്നത് ബ്ലാറ്ററിന്‍െറ എത്രയും പെട്ടെന്നുള്ള രാജിയാണ്. ബ്ലാറ്റര്‍ രാജിവെക്കുന്നതാണ് ഫുട്ബാളിന് നല്ലതെന്ന് മക്ഡൊണാള്‍ഡും പറഞ്ഞു. അഡിഡാസ്, ഗാസ്പ്രോം, ഹ്യൂണ്ടായി എന്നിവരാണ് ഫീഫയുടെ മറ്റ് സ്പോണ്‍സര്‍മാര്‍. ഇതില്‍ കൊക്ക കോളയും അഡിഡാസുമാണ് ഫീഫയുടെ ഏറ്റവും പഴക്കമുള്ള സ്പോണ്‍സര്‍മാര്‍.

എന്നാല്‍ രാജിവെക്കുന്ന പ്രശ്നമി െല്ലന്ന് സെപ് ബ്ലാറ്റര്‍ അറിയിച്ചു. കൊക്ക കോളയടക്കമുള്ള കമ്പനികള്‍ ഏറെ പ്രധാനപ്പെട്ട സ്പോണ്‍സര്‍മാരാണെന്നും എന്നാല്‍ ഈ സമയത്ത് രാജിവെക്കുന്നത് ഫുട്ബാളിന് ഗുണം ചെയ്യില്ലെന്നുമാണ് ബ്ലാറ്ററുടെ നിലപാട്. തന്‍െറ അഭിഭാഷകന്‍ മുഖേനയാണ് ബ്ലാറ്റര്‍ ഇക്കാര്യം അറിയിച്ചത്. ഒരു അന്താരാഷ്ട്ര കായിക സംഘടനയുടെ തലവന്‍ രാജിവെക്കണമെന്ന് സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്നത് ആദ്യത്തെ സംഭവമാണ്.

സംഘടനക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന രീതിയില്‍ സംപ്രേക്ഷണാവകാശം നല്‍കിയെന്ന ആരോപണത്തിന്‍മേലാണ് ബ്ലാറ്റര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നത്. യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനിക്ക് പണം നല്‍കിയെന്നുള്ള ആരോപണവും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ അഞ്ചാം തവണയും ഫീഫയുടെ അധ്യക്ഷനായി ബ്ളാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം ബ്ളാറ്ററുമായി അടുപ്പമുള്ള ഫീഫയുടെ ഏഴ് ഭാരവാഹികള്‍ അറസ്റ്റിലായതോടെ ബ്ളാറ്റര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയായിരുന്നു.

Top