ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക. പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: പരസ്യ പ്രതികരണവുമായി അതിജീവിത, പ്രതിരോധത്തിലായി സിപിഐഎം

തിരുവനന്തപുരം: ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടര്‍ ആശ ആച്ചി ജോസഫ്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂര്‍വം ആയിരുന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ചാനലുകളില്‍ വാര്‍ത്ത വരും വരെ പൊലീസ് എഫ്ഐആര്‍ ഇട്ടില്ലെന്നും അവര്‍ പറഞ്ഞു. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചെന്നും ആശ ആച്ചി പറയുന്നു. സഹതാപമല്ല സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം ആണ് വേണ്ടതെന്നും അവര്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍ അതിശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാരും സംസ്ഥാന ആഭ്യന്തര വകുപ്പും പിടി കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന പരാതിയില്‍ തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടാണ് സ്വീകരിച്ചതെന്നും, മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍പോലും തയ്യാറായില്ലെന്നുമാണ്‌ പരാതിക്കാരിയുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെയാണ്. എന്നാല്‍ ഈ പേരുകളൊന്നും വിളിച്ച് തന്നെ നിശബ്ദയാക്കാമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞ് മുഖവും പേരും വെളിപ്പെടുത്തി തുറന്നുപറച്ചില്‍ നടത്തുകയാണ് ആശ.

താന്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്‌ഐആര്‍ ഇടാതെ ആരോപണ വിധേയനായവ്യക്തിയെ സംരക്ഷിക്കുന്നതിനായി പൊലീസും സര്‍ക്കാരും ഒളിച്ചുകളി നടത്തിയെന്നാണ് ഡോ. ആശ ആച്ചി ജോസഫിന്റെ ആരോപണം. നിശബ്ദയാകാന്‍ ഒരുക്കമല്ലെന്ന തലക്കെട്ടില്‍ പരാതിക്കാരിയെഴുതിയ ലേഖനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.

പിടി കുഞ്ഞുമുഹമ്മദിനെതിരെ തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കുള്ള തീരുമാനത്തിലാണ് പരാതിക്കാരിയായ ഡോ ആശ ആച്ചി ജോസഫ്.

ലൈംഗിക പീഡനശ്രമം സംബന്ധിച്ചുള്ള പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവത്തോടെ ഇടപെട്ടത്. നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് നല്‍കിയ രഹസ്യ പരാതിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ വീട്ടിലെത്തി. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ല. തദേശ തിരഞ്ഞെടുപ്പ്, ഐഎഫ്എഫ്‌കെ എന്നിവയ്ക്ക് ശേഷം കേസ് ഉന്നത ഇടപെടലിലൂടെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ആശ ആച്ചി ജോസഫിന്റെ ആരോപണം.
നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കണം, കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്, സംരക്ഷണം ലഭിക്കും പക്ഷേ, മിണ്ടാതിരിക്കണം എന്നൊക്കെയായിരുന്നു ചിലര്‍ ഉപദേശിച്ചതെന്നാണ് ലേഖനത്തിലൂടെ പരാതിക്കാരി ആരോപിക്കുന്നത്. മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നിയെന്നും അവര്‍ പറയുന്നു.

സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്ന് ആണയിടുമ്പോഴും പി ടി കുഞ്ഞുമുഹമ്മദിനെതിരെ നല്‍കിയ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിപ്പിച്ചതിന് പിന്നില്‍ വലിയ ഇടപെടല്‍ നടന്നുവെന്നും, നിരവധി പേര്‍ പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചുവെന്നുമാണ് പരാതിക്കാരി മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തുന്നത്.

തിരുവനന്തപുരത്ത് നടന്ന 33ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജൂറി കമ്മിറ്റി അംഗമായിരുന്നു പരാതിക്കാരി. സ്‌ക്രീനിംഗ് കഴിഞ്ഞ ദിവസം വൈകുന്നേരം പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഐഎം സഹയാത്രികനായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ആരോപണം.

നടി അക്രമിക്കപ്പെട്ട സംഭവത്തിത് ശേഷം സിനിമാ മേഖലയില്‍ തിരുത്തലുകള്‍ ഉണ്ടാക്കാനായി നടന്ന ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നതാണ് പിടി കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണം വ്യക്തമാക്കുന്നത്. പരാതിയില്‍ നിന്ന് തന്നെ പിന്‍തിരിപ്പിക്കാനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നുള്ള വ്യക്തമായ സന്ദേശം നല്‍കിയാണ് ഡോ ആശ ആച്ചി ജോസഫ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന രാഹുല്‍ മാങ്കൂട്ടം കേസ് ഉയര്‍ത്തിപ്പിടിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കത്തിന് വലിയ തിരിച്ചടിയായി മാറുകയാണ് ഡോ ആശയുടെ ആരോപണങ്ങള്‍.

Top