എസ്എഫ്‌ഐ ഗുണ്ടാ സംഘമാകുന്നു..!! കുത്തേറ്റ അഖിലിനെ മുമ്പും ആക്രമിച്ചു;

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തല്‍. സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ ഇതിന് മുമ്പും എസ്.എഫ.ഐക്കാര്‍ ആക്രമിച്ചിരുന്നെന്ന് അഖിലിന്റെ പിതാവ് ചന്ദ്രന്‍. കഴിഞ്ഞ വര്‍ഷം കേസ് ജില്ലാ സെക്രട്ടറി ഇടപെട്ട് കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.

അതേസമയം, വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മര്‍ദിച്ച കേസിലെ പ്രതിയാണ് നസീം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ രാവിലെയാണ് വന്‍സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാവിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ സഹപാഠിയെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ നെഞ്ചില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഖില്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. തൊട്ടുപിന്നാലെ വിദ്യാര്‍ഥികള്‍ സംഘടിച്ച് എസ്എഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. എസ്എഫ്‌ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു.

ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഈ ഘട്ടത്തിലൊന്നും പൊലീസോ അധ്യാപകരോ പ്രിന്‍സിപ്പലോ ഇടപെട്ടില്ല. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്യാംപസില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ മാധ്യമങ്ങളെ ക്യാംപസില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്‌ഐ ഭാരവാഹികള്‍ രംഗത്തുവന്നു.

ഇതിനിടെ വിചിത്രനിലപാടുമായി പ്രിന്‍സിപ്പല്‍ രംഗത്തുവന്നു. വിദ്യാര്‍ഥിസംഘര്‍ഷം അറിഞ്ഞില്ലെന്നും വിദ്യാര്‍ഥിപ്രവേശത്തിന്റെ തിരക്കിലായിരുന്നുവെന്നുമാണ് വാദം. വിഷയത്തെ കുറിച്ച് പരിശോധിച്ച് നടപടി എടുക്കുമെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് ക്യാംപസില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റി കോളജില്‍ വര്‍ഷങ്ങളായി നടക്കുന്ന എസ്എഫ്‌ഐ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഇന്നലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരില്‍ തുടങ്ങിയ മര്‍ദനമാണ് ഇന്ന് രാവിലെയും തുടര്‍ന്നത്. ഇനിയും ഇത് സഹിക്കാനാവില്ലെന്നും പെണ്‍കുട്ടികളടക്കമുള്ളവര്‍ പറഞ്ഞു.

Top