നിന്‍റെ നാളുകൾ എണ്ണപ്പെട്ടു..! കൊല്ലപ്പെട്ട ശുഹൈബിനെതിരേ സിപിഎം കൊലവിളിക്കുന്ന വീഡിയോ പുറത്ത്.38 വെട്ടുകളിൽ ക്രൂരമായ കൊലപാതകം

കണ്ണൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ ശുഹൈബിനെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കുന്നത്. തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്‍റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം.ഏഷ്യാനെറ്റ് ന്യുസാണ് വീഡിയോ പുറത്ത് വിട്ടത് .

രണ്ടാഴ്ച മുൻപാണ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ കൊലവിളിച്ചത്. എടയന്നൂർ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം തർക്കം തുടരുന്നത്. സ്കൂൾ തെരഞ്ഞെടുപ്പിൽ കുട്ടികൾക്കൊപ്പം ശുഹൈബും സജീവമായിരുന്നു. തുടർന്ന് സിഐടിയു പ്രവർത്തകർ ശുഹൈബിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശുഹൈബ് അംഗമായ ക്ലബിന് നേരെ അക്രമമുണ്ടായി. പിന്നാലെ തുടർ സംഘർഷത്തിന്‍റെ പേരിൽ ശുഹൈബ് അറസ്റ്റിലായി റിമാൻഡിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ പുറത്തിറങ്ങിയ ശുഹൈബിനെ തിങ്കളാഴ്ച രാത്രിയാണ് നാലംഗ സംഘം കാറിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊന്നത്. കാലിന്‍റെ മുട്ടിന് താഴെ കനത്ത വെട്ടേറ്റ ശുഹൈബ് രക്തംവാർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
എടയന്നൂരിനടത്ത് തെരൂരില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിക്കൊന്നത്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു.

അതേസമയം സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവം അപലപനീയമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുമായി ബന്ധമുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ചുവപ്പ് ഭീകരതയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ആര്‍എസ്എസിന്‍റേതാണെന്നും ജയരാജന്‍ തിരുവനന്തപുരത്തു പറഞ്ഞു.

ഇന്നലെ രാത്രി മട്ടന്നൂരിൽ നടന്ന കൊലപാതകത്തെ സിപിഎം ശക്തമായി അപലപിക്കുകയാണ്. ഈ കൊലപാതകത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. പാർട്ടി ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. പാർട്ടി പ്രവർത്തകരിൽ ആർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.

മട്ടന്നൂരിൽ സിപിഎം പ്രവർത്തകർ നടത്തിയ റാലിയിൽ ഷുഹൈബിനെതിരെ മുദ്രാവാക്യം വിളിച്ചതും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്നും ജയരാജൻ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ജില്ലയിൽ കോൺഗ്രസുമായി പാർട്ടിക്ക് യാതൊരു പ്രശ്നവുമില്ല. കൊലപാതകം നടന്ന സ്ഥലത്ത് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. എങ്കിലും കൊലപാതകത്തെ പാർട്ടി അംഗീകരിക്കുന്നില്ല എന്നാണ് പറയാനുള്ളതെന്നും ജയരാജൻ വ്യക്തമാക്കി.

തലകൊയ്യുന്ന ചുവപ്പു ഭീകരതയ്ക്കെതിരെ ജനമനഃസാക്ഷി ഉണരണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു ജയരാജന്റെ മറുപടി ഇങ്ങനെ: ‘ചെന്നിത്തല പറയുന്ന ചുവപ്പു ഭീകരത എന്ന ആക്ഷേപം നമ്മുടെ രാജ്യത്ത് ആർഎസ്എസ്സും ബിജെപിയും സിപിഎമ്മിനെതിരെ സ്ഥിരമായി പറയുന്നതാണ്. ആർഎസ്എസ്സിന്റെ ഈ മുദ്രാവാക്യം ഇപ്പോൾ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയും ഏറ്റെടുത്തിരിക്കുകയാണ്. സിപിഎമ്മിനെ ആക്രമിക്കുന്ന കാര്യത്തിൽ ആർഎസ്എസ്സും കോൺഗ്രസും തമ്മിൽ എത്ര യോജിപ്പാണെന്നാണ് ഇതു തെളിയിക്കുന്നത്.’

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത്‌ ഷുഹൈബ്‌ വെട്ടേറ്റ്‌ മരിച്ച സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന്‌ എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയും വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Top