പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപോകണമെന്ന് ശോഭാ സുരേന്ദ്രന്‍

 

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ബിജെപി. പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിരന്തരം പരാതികള്‍ നല്‍കിയിട്ടും യാതൊരു നീക്കവും ഗവര്‍ണര്‍ നടത്തിയിട്ടില്ല. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്റെ പരാമര്‍ശം.
ശോഭ സുരേന്ദ്രന്റെ പ്രസംഗത്തില്‍നിന്ന്-
പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ഞങ്ങള്‍ അങ്ങയോട് ആവശ്യപ്പെടുകയാണ്. തന്റേടമുണ്ടെങ്കില്‍, ആ ഗവര്‍ണറെന്ന പദവിയോട് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ചെയ്തു തീര്‍ക്കണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി, ഇന്ത്യയിലെ ജനത, ഡല്‍ഹയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവര്‍ണറോട് അറിയിക്കുകയാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി. രമേശ് കഴിഞ്ഞ ദിവസം ഫെയ്ബുക്കിലൂടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധവും. കണ്ണൂരില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവര്‍ണര്‍ ചെറുവിരല്‍പ്പോലും അനക്കിയില്ലെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം, അക്രമം തുടരുകയാണെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് വ്യക്തമാക്കി.

Top