കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണം മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും . കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. കെ ജെ ഷൈനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക സംഘം പരിശോധിച്ചുവരികയാണ്. കെ എം ഷാജഹാന്‍ അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.
പറവൂരിലെ ഷൈനിന്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഷൈനിന്റെ ഭര്‍ത്താവ് ഡൈനസ് തോമസ് ആരോപിച്ചു. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് പോലീസ് സംഘം കെ.ജെ. ഷൈനിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്. വനിതാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങളെക്കുറിച്ചും ഇതിന്റെ ലിങ്കുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും ഷൈന്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
നാട്ടില്‍ എല്ലാവരും സൗഹാര്‍ദപരമായാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണം വ്യക്തിപരമായ അധിക്ഷേപമാണ്. സ്ത്രീ എന്ന നിലയില്‍ ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വളരെ മ്ലേച്ഛമായ പോസ്റ്റുകളാണ് വന്നത്. രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍, ഇത് വ്യക്തിഹത്യയാണ്,’ കെ ജെ ഷൈനിന്റെ ഭര്‍ത്താവ് ഡൈനസ് തോമസ് പറഞ്ഞു.
സി.കെ. ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് ആദ്യമായി പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നും ഇയാള്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് സൈബര്‍ വിങ്ങിന്റെ ചുമതലക്കാരനുമാണെന്നും ഷൈനിന്റെ ഭര്‍ത്താവ് ആരോപിച്ചു. കോണ്‍ഗ്രസുമായി ബന്ധമുള്ള നിരവധി വ്യക്തികള്‍ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും ഉന്നത നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, താന്‍ ഷൈനിനെ ആക്ഷേപിക്കുന്ന പോസ്റ്റുകളൊന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടില്ലെന്നും യൂട്യൂബില്‍ മറ്റൊരാള്‍ ഇട്ട ലിങ്ക് പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും ബന്ധപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാദിച്ചു. വ്യാപകമായ സൈബര്‍ ആക്രമണവും അപവാദ പ്രചാരണവും നേരിടുന്നതായി ചൂണ്ടിക്കാട്ടി ഷൈന്‍ ഇന്നലെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ പറവൂരിലുള്ള ഷൈനിന്റെ വീട്ടിലെത്തിയ റൂറല്‍ സൈബര്‍ പോലീസ് വിശദമായ മൊഴിയെടുത്ത ശേഷം ഔദ്യോഗികമായി കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അവയുടെ ലിങ്കുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഷൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
കെ എം ഷാജഹാനെതിരെ നാല് സിപിഐഎം എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. വൈപിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ എന്നിവരാണ് പരാതി നല്‍കിയത്.
എറണാകുളം ജില്ലയിലെ നാല് സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം കെ എം ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നതായി എംഎല്‍എമാര്‍ പറഞ്ഞിരുന്നു. വാസ്തവ വിരുദ്ധ വീഡിയോ പങ്കുവെച്ച ഷാജഹാനെതിരെ നടപടി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമായിരുന്നു എംഎല്‍എമാര്‍ പരാതി നല്‍കിയത്.
അപവാദ പ്രചാരണം ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്.
സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.











