തിരുവനന്തപുരം: കണ്ണട വാങ്ങിയ കാര്യം സൂക്ഷമായ പഠനത്തിനും പരിശോധനക്കും വിധേയമാക്കാതിരുന്നത് പിശകായിപ്പോയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങാന്‍ സ്റ്റാഫിലെ ചിലരെ നിയോഗിച്ചു. ലെന്‍സിന്റെ വിലയും ഒഫ്താല്‍മോളജിസ്റ്റിന്റെ നിര്‍ദേശവും സൂക്ഷമായി പരിശോധിക്കാതിരുന്നത് പിശകായിപ്പോയെന്ന് സ്പീക്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍.
49,900 രൂപ വിലയുള്ള കണ്ണട വാങ്ങിയെന്ന വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഫോസ്ബുക്ക് പോസ്റ്റ് പ്രചാരണ പീഡനം നിര്‍ഭാഗ്യകരമാണ്. 40 വര്‍ഷത്തെ പൊതുജീവിതത്തെ കണ്ണടയുടെ പേരില്‍ അളക്കുന്നത് ശരിയല്ല. വ്യക്തിജീവിതത്തിലെ വിഷമങ്ങളെ വികൃതമായി ചിത്രീകരിക്കരുത്. വിമര്‍ശനങ്ങളെ പോസിറ്റീവായാണു കാണുന്നത്. – സ്പീക്കര്‍ പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെയാണ് സ്പീക്കര്‍ കണ്ണട വിവാദത്തില്‍പ്പെട്ടത്. 49,900 രൂപയുടെ കണ്ണടയാണു സ്പീക്കര്‍ വാങ്ങിയത്. കണ്ണടയുടെ വില സര്‍ക്കാരില്‍നിന്നു കൈപ്പറ്റി. നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു സ്പീക്കറുടെ കണ്ണടയുടെ വില പുറത്തുവന്നത്. 45,000 രൂപയാണു കണ്ണടയുടെ ലെന്‍സിന്റെ വില. ബാക്കി തുക ഫ്രെയിമിനും.
2016 ഒക്ടോബര്‍ അഞ്ചു മുതല്‍ 2018 ജനുവരി 19 വരെ, 4,25,000ല്‍ ഏറെ രൂപ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റായി സ്പീക്കര്‍ കൈപ്പറ്റിയതായും രേഖകള്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ ബില്ലിന്റെ പകര്‍പ്പുകള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ല.
നേരത്തേ, കണ്ണടയ്ക്കായി മന്ത്രി കെ.കെ. ശൈലജ 28,800 രൂപ കൈപ്പറ്റിയത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ കണ്ണടക്കടയില്‍നിന്നാണു മന്ത്രി കഴിഞ്ഞ ഫെബ്രുവരി 15 നു കണ്ണട വാങ്ങിയത്. കണ്ണിനു കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിനു പകരം വിലയേറിയ നല്ല ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞതിനാലാണ് വാങ്ങിയതെന്നും മന്ത്രി ശൈലജ പിന്നീടു വിശദീകരിച്ചിരുന്നു.


