മോഷണം നടത്തി മുങ്ങിയ പ്രതിയെ ഒന്നര വർഷത്തിന് ശേഷം പിടികൂടി പോലീസ്

ചെര്‍പ്പുളശ്ശേരി:
അയ്യപ്പന്‍കാവിനു സമീപമുള്ള കൃഷ്ണ മോട്ടോഴ്സ് ആന്‍ഡ് അസോസിയേറ്റ്സ് എന്ന ടയര്‍ വില്‍പ്പന സ്ഥാപനത്തിലെ ഷട്ടറിന്റെ പൂട്ടുപൊളിച്ച്‌ ഒന്നരലക്ഷം രൂപ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. ബംഗാള്‍ സ്വദേശിയായ ജുല്‍ മത്ത് സഹയെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചത്. 2018 ല്‍ ഒരു ഇലക്‌ട്രോണിക് കടയുടെ പൂട്ടുപൊളിച്ച്‌ അകത്തു കയറി രണ്ടര ലക്ഷം രൂപയും 16 മൊബൈല്‍ ഫോണുകളും മോഷണം നടത്തിയ കേസില്‍ ഹോസ്ദുര്‍ഗ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതി ജയിലില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ചെര്‍പ്പുളശ്ശേരിയിലെത്തി മോഷണം നടത്തിയത്. മോഷണത്തിന് ശേഷം ഇയാള്‍ ബംഗാളിലേക്ക് പോയി, 20 ദിവസം മുൻപ് കേരളത്തിലെത്തിയ പ്രതിയെ പറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ പൊലീസ് അന്വേഷണം നടത്തുന്ന ഘട്ടത്തിലാണ് ചെര്‍പ്പുളശ്ശേരിയിലുണ്ടെന്ന വിവരം ലഭിച്ചത്. മഠത്തിപ്പറമ്പില്‍ വച്ചാണ് ശനിയാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലക്കാട് ഫിംഗര്‍ പ്രിന്റ് എക്സ്‌പേര്‍ട്ട് ആര്‍. രാജേഷ് കുമാര്‍ ആണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. ചെര്‍പ്പുളശ്ശേരി ഇന്‍സ്‌പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ: വി. അബ്ദുല്‍സലാം, ഗ്രേഡ് സി.പി.ഒ: എം.സി. ഷാഫി, സി.പി.ഒ: കെ. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top