മുൻ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു.

1998 ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി അധ്യക്ഷ പദവിയിലെത്തുന്നത്. ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപിള്ളയുടെയും ഈശ്വരിഅമ്മയുടെയും മകനായി 1931 മാര്‍ച്ച് 11 ന് ജനിച്ച തെന്നലയുടെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് ശൂരനാട് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായാണ്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവര്‍ത്തിക്കുകയും കൊല്ലം ഡിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2001ൽ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു കെപിസിസി പ്രസിഡൻ്റ്. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി എ കെ ആൻ്റണി മുഖ്യമന്ത്രിയായപ്പോൾ കെ മുരളീധരനായി മികച്ച വിജയം നേടിയ സാഹചര്യത്തിലും തെന്നല ബാലകൃഷ്ണപിള്ളയെ കെപിസിസി അധ്യക്ഷപദവിയിൽ നിന്നും മാറ്റുകയായിരുന്നു. എന്നാൽ യാതൊരു പരസ്യപ്രതികരണങ്ങളുമില്ലാതെ പ്രസിഡൻ്റ് പദവി ഒഴിയാനുള്ള പാർട്ടി തീരുമാനം തെന്നല ബാലകൃഷ്ണപിള്ള അംഗീകരിക്കുകയായിരുന്നു.

1962 മുതല്‍ കെപിസിസി അംഗമാണ്. 1977ലും 1982ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004 ലാണ് രണ്ടാമതായി കെപിസിസി അധ്യക്ഷപദവിയിലെത്തുന്നത്. കെ മുരളീധരൻ ആൻ്റണി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് താൽക്കാലിക പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി പി തങ്കച്ചന് പകരക്കാരനായിട്ടായിരുന്നു തെന്നലയുടെ രണ്ടാമൂഴം. എന്നാൽ 2005ൽ രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് കെപിസിസി പ്രസിഡൻ്റായി നിയോഗിച്ചതോടെ തെന്നല പദവി ഒഴിയുകയായിരുന്നു. ഒരിക്കൽപോലും മത്സരത്തിലൂടെയായിരുന്നില്ല തെന്നല കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്.

1991 ലും 1992 ലും 2000 ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യക്ഷത്തിൽ കെ കരുണാകരൻ നേതൃത്വം നൽകിയ ഐ ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നെങ്കിലും എ ഗ്രൂപ്പിനും സ്വീകാര്യനായിരുന്നു തെന്നല. ആൻ്റണിയെയും കരുണാകരനെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ തെന്നല ബാലകൃഷ്ണപിള്ളയുടെ നയചാതുര്യം ഏറെ ശ്രദ്ധേയമായിരുന്നു. കോൺഗ്രസിൽ എ, ഐ, തിരുത്തൽവാദി, നാലാം ഗ്രൂപ്പ് എന്നിങ്ങനെ ഗ്രൂപ്പ് പ്രവർത്തനം ശക്തമായിരുന്നപ്പോൾ ഗ്രൂപ്പുകള്‍ അതീതനായി പ്രവർത്തിച്ച കെപിസിസി പ്രസിഡൻ്റ് എന്നതായിരുന്നു തെന്നലയുടെ സ്വീകാര്യത.

Top